രാജശില്‍പിക്കൊരു സ്മരണാഞ്ജലി

“തെയ്‌ തെയ്‌ തകതെയ്‌,
തകതെയ്‌ തോം,
തെയ്‌,തെയ്‌ തകതെയ്‌ തിത്തെയ്തോ….”

-ലോകപ്രശസ്തമായ ആലപ്പുഴ പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി ജലമേളയുടെ  ഉണര്‍ത്തുപാട്ട്‌ കുട്ടനാടന്‍ തീരങ്ങളില്‍ അലയടിക്കുന്നു. ഇനി കുട്ടനാടന്‍  ജലമാമാങ്കത്തിന്‌ ഒരാഴ്ച മാത്രം ബാക്കി.

പുന്നമടക്കായലിലെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട്‌ ജലരാജാക്കന്മാര്‍  എത്തുകയായി; കാരിച്ചാല്‍, കല്ലൂപ്പറമ്പന്‍, ചമ്പക്കുളം, ചെറുതന,  പായിപ്പാട്‌, ആനാരി പുത്തന്‍, നടുഭാഗം, ആലപ്പാട്‌, കണ്ടങ്കരി,  പാര്‍ത്ഥസാരഥി, കരുവാറ്റ, വലിയ ദിവാന്‍ജി, ജവഹര്‍ തായങ്കരി,  പുളിങ്കുന്ന്‌……. ചുണ്ടന്‍വള്ളങ്ങളുടെ പട്ടിക നീളുന്നു.

“സ്റ്റാര്‍ട്ട്‌….” ലക്ഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌  മത്സരത്തിനുള്ള വെടിമുഴങ്ങുന്നതോടെ ചുണ്ടന്‍വള്ളങ്ങള്‍ പുന്നമടക്കായലിലൂടെ  കുതിക്കുകയായി.
താളത്തിനനുസരിച്ച്‌ നിരനിരയായി ഉയര്‍ന്നുതാഴുന്ന ആയിരക്കണക്കിന്‌ തുഴകള്‍.  മുന്‍പിലെത്താനുള്ള ആവേശമാണ്‌ എല്ലാവര്‍ക്കും. കരയില്‍ നിറഞ്ഞിരിക്കുന്ന  ലക്ഷങ്ങള്‍ ഉള്‍പ്പെടെ. തിരയും തീരവും ആവേശത്തേരിലേറുമ്പോള്‍, ഒരു  പെരുന്തച്ചന്റെ ഓര്‍മ്മകളും ഓളമിട്ടെത്തുകയായി. എടത്വാ കോഴിമുക്ക്‌  ഓടാശ്ശേരില്‍ നാരായണനാചാരിയെന്ന പെരുന്തച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍.  പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വള്ളംകളിയുടെ നാട്ടില്‍നിന്നും  സ്വര്‍ഗ്ഗലോകം പൂകിയ രാജശില്‍പ്പിയെക്കുറിച്ചുള്ള സ്മരണകള്‍. പണ്ട്‌  ഒട്ടുമിക്ക കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങളും നിര്‍മിച്ചത്‌  നാരായണനാചാരിയായിരുന്നു. ചെമ്പകശ്ശേരി രാജാവിന്‌ വള്ളം പണിതുകൊടുത്ത്‌  സ്ഥാനമാനങ്ങള്‍ നേടിയ കൊടുപ്പുണ വെങ്കിടയില്‍ നാരായണനാചാരിയുടെ  പിന്മുറക്കാരനായ കോഴിമുക്ക്‌ നാരായണനാചാരിയുടെ കരവിരുതില്‍ രൂപംകൊണ്ട  കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങള്‍ നിരവധിയാണ്‌.

38-ാ‍മത്തെ വയസ്സില്‍ ‘പച്ച’ എന്ന വള്ളത്തിനായിരുന്നു നാരായണനാചാരി  കുട്ടനാട്ടില്‍ ചുണ്ടന്‍വള്ള നിര്‍മാണത്തിന്‌ ആദ്യം ഉളികുത്തിയത്‌.  തുടര്‍ന്ന്‌ പുളിങ്കുന്ന്‌, കല്ലൂപ്പറമ്പന്‍, പായിപ്പാട്‌, കാരിച്ചാല്‍,  ചമ്പക്കര, ജവഹര്‍ തായങ്കരി, ചെറുതന…തുടങ്ങിയ ചുണ്ടന്‍ വള്ളങ്ങളും  നിര്‍മിച്ചു.
കുട്ടനാടിന്റെ മാത്രം പ്രത്യേകതയായ വെപ്പു വള്ളങ്ങളും നാരായണനാചാരി  നിര്‍മിച്ചിട്ടുണ്ട്‌. ഷോര്‍ട്ട്‌, വേണുഗോപാല്‍, ജ്യോതി, വരിക്കളം,  പട്ടേരിപുരയ്ക്കല്‍….വെപ്പ്‌ വള്ളങ്ങളുടെ പട്ടികയും നീളുന്നു.

ഒരാഴ്ചയ്ക്കുശേഷം നെഹ്‌റുട്രോഫി ജലമേളയുടെ ആരവം അടങ്ങുന്നതോടെ അങ്ങ്‌  കിഴക്ക്‌ ആറന്മുളയില്‍ പള്ളിയോടങ്ങളുടെ എഴുന്നള്ളത്തിനുള്ള ഒരുക്കങ്ങള്‍  ആരംഭിക്കുകയായി.

ആറന്മുള വള്ളംകളിക്ക്‌ തന്നെ കാരണമായിത്തീര്‍ന്ന തിരുവോണത്തോണിയുടെ  നിര്‍മാണത്തിന്‌ രൂപം കൊടുത്തത്‌ നാരായണനാചാരിയാണ്‌. 32-ാ‍മത്തെ വയസ്സില്‍.  മുന്നില്‍ ഗരുഡരൂപവും നടുക്ക്‌ മണിമണ്ഡപവും ഉള്ള തിരുവോണത്തോണിയുടെ  നിര്‍മാണത്തിലൂടെയാണ്‌ നാരായണനാചാരി കൂടുതല്‍ ശ്രദ്ധേയനായത്‌.

തുടര്‍ന്ന്‌ നിരവധി ആറന്മുള പള്ളിയോടങ്ങള്‍ക്ക്‌ അദ്ദേഹം രൂപം കൊടുത്തു.  മേലുകര, മലപ്പുഴശ്ശേരി, നെടുംപ്രയാര്‍, തൈമറവുങ്കര, കോഴഞ്ചേരി, കീഴുകര,  നെല്ലിക്കല്‍….. (ഇവയില്‍ ചില പള്ളിയോടങ്ങള്‍ കാലപ്പഴക്കത്താലും മറ്റും  ജീര്‍ണിച്ചതിനെത്തുടര്‍ന്ന്‌ പുതുക്കിപ്പണിയുകയോ, മാറ്റിപ്പണിയുകയോ  ചെയ്തിട്ടുണ്ട്‌.)
കൊല്ലവര്‍ഷം 1099 കുംഭമാസം 12-ാ‍ം തീയതി നീലകണ്ഠന്‍ ആചാരിയുടേയും  ലക്ഷ്മിയമ്മയുടേയും മകനായി ജനിച്ചു. നാരായണനാചാരി മറ്റ്‌ പലരുടേയും കൂടെ  വള്ളം നിര്‍മാണത്തിന്‌ പോയാണ്‌ ഈ കല അഭ്യസിച്ചത്‌. ഒരുകാലത്ത്‌  കുട്ടനാട്ടിലും ആറന്മുളയിലും ചുണ്ടന്‍ വള്ളങ്ങളും പള്ളിയോടങ്ങളും  നിര്‍മിക്കണമെങ്കില്‍ നാരായണനാചാരി വേണമെന്നതായിരുന്നു സ്ഥിതി.

കണക്ക്‌ പറഞ്ഞ്‌ പ്രതിഫലം വാങ്ങുന്ന സ്വഭാവമൊന്നും  നാരായണനാചാരിക്കില്ലായിരുന്നുവെന്ന്‌ പള്ളിയോടക്കരകളിലെ കരനാഥന്മാര്‍  ഓര്‍ക്കുന്നു. ‘ദക്ഷിണ’യായി നല്‍കുന്ന തുക സന്തോഷത്തോടെ സ്വീകരിക്കും;  അത്രമാത്രം.

പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പെരുന്തച്ചന്‍ വിടവാങ്ങിയെങ്കിലും  അദ്ദേഹത്തിന്റെ മക്കള്‍ പിന്നീട്‌ സജീവമായി ഈ രംഗത്തേക്ക്‌ കടന്നുവന്നു.
ചുണ്ടന്‍വള്ള നിര്‍മാണത്തിന്റെ തച്ച്‌ ശാസ്ത്രം അച്ഛന്‍ മക്കളേയും  പഠിപ്പിച്ചിരുന്നു. മകന്‍ കൃഷ്ണന്‍കുട്ടി സ്വന്തമയി ഒരു ആറന്മുള പളളിയോടം  പണിത്‌ നീറ്റിലിറക്കിയിരുന്നു-കാട്ടൂര്‍ ചുണ്ടന്‍. ആറന്മുള വള്ളംകളിക്ക്‌  തന്നെ കാരണമായിത്തീര്‍ന്ന കാട്ടൂര്‍ കരക്കാര്‍ക്ക്‌ വര്‍ഷങ്ങളോളം പള്ളിയോടം  ഇല്ലായിരുന്നു. ഈ കുറവ്‌ നികത്തിയത്‌ ആദ്യം കൃഷ്ണന്‍കുട്ടി ആയിരുന്നു.

കൃഷ്ണന്‍കുട്ടിയെക്കൂടാതെ ഉമാമഹേശ്വരന്‍, സോമന്‍, സാബു, ജയശ്രീ, സുഭദ്ര,  രാധാമണി, കാര്‍ത്തിക എന്നീ ഏഴ്‌ മക്കള്‍കൂടി നാരായണനാചാരിക്കുണ്ട്‌.
ജലരാജശില്‍പ്പിയുടെ പ്രിയതമ ലക്ഷ്മിക്കുട്ടിയമ്മ മരിച്ചത്‌ ഇക്കഴിഞ്ഞ ജൂലൈ  26 നായിരുന്നു. മകന്‍ ഉമാമഹേശ്വരന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിത  കാരിച്ചാല്‍ ചുണ്ടന്റെ നീരണിയല്‍ ചടങ്ങ്‌ ദര്‍ശിക്കുന്നതിനുള്ള ഭാഗ്യം  ലക്ഷ്മിക്കുട്ടിയമ്മയ്ക്കുണ്ടായില്ല. തന്റെ മകന്‍ പണിത കാരിച്ചാല്‍  നീരണിയുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു  രാജശില്‍പ്പിയുടെ പ്രിയതമ.

കാല്‍നൂറ്റാണ്ട്‌ മുന്‍പ്‌ ‘ജന്മഭൂമി’ക്കു വേണ്ടി നാരായണനാചാരിയെ  ഇന്റര്‍വ്യൂ ചെയ്യുന്നതിനായി പോയത്‌ ഇപ്പോഴും ഈ ലേഖകന്റെ മനസ്സില്‍ മായാതെ  തങ്ങിനില്‍ക്കുന്നു.

ആലപ്പുഴ ജില്ലയിലെ എടത്വാ കോഴിമുക്കിലെ വിശാലമായ പാടത്തിന്റെ നടുവില്‍  ഇടിഞ്ഞുപൊളിഞ്ഞ്‌ വീഴാറായ ഒരു ചെറ്റക്കുടിലില്‍ വെച്ചായിരുന്നു അന്ന്‌  നാരായണനാചാരിയുമായി സംസാരിച്ചത്‌. ഒരു ചെറുമഴ പെയ്യുമ്പോഴേക്കും കുടിലിന്റെ  നാല്‌ പാടും വെള്ളം പൊങ്ങും. പിന്നെ ഒരു ഒറ്റപ്പെട്ട ജീവിതം ആണ്‌.
“സ്വസ്ഥമായി തല ചായ്ക്കാന്‍ ഒരു നല്ല കൊച്ച്‌ വീട്‌, അവിടേക്ക്‌ റോഡ്‌  മാര്‍ഗ്ഗം എത്തുകയും വേണം. അത്‌ മാത്രമാണ്‌ എന്റെ ഒരേയൊരു സ്വപ്നം…”  നാരായണനാചാരി 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതു പറയുമ്പോള്‍  കണ്ഠമിടറിയിരുന്നതും ഇപ്പോഴും ഓര്‍ക്കുന്നു.

പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നാരായണനാചാരി മരിക്കുന്നതുവരെയും വീട്‌ എന്നത്‌ സ്വപ്നമായിത്തന്നെ അവശേഷിച്ചു.
നെഹ്‌റു ട്രോഫി ബോട്ട്‌ റേസ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം  മൂന്നരലക്ഷം രൂപ ചെലവിട്ട്‌ ഒരു വീട്‌ വച്ച്‌ നല്‍കി. നാരായണനാചാരിക്ക്‌ ആ  ഭവനത്തില്‍ അന്തിയുറങ്ങുന്നതിന്‌ ഭാഗ്യം ഉണ്ടായില്ലെങ്കിലും പ്രിയതമ  ലക്ഷ്മിക്കുട്ടിയമ്മയ്ക്ക്‌ അല്‍പ്പം ആശ്വാസമായിരുന്നു. എന്നാല്‍ ദുരന്തം  പിന്നേയും വേട്ടയാടുകയായിരുന്നു. ആശുപത്രിയില്‍നിന്നും  ലക്ഷ്മിക്കുട്ടിയമ്മയുടെ ജഡം വീട്ടിലെത്തിച്ചത്‌ രണ്ട്‌ കെട്ടുവള്ളങ്ങള്‍  കൂട്ടിച്ചേര്‍ത്ത്‌ ചങ്ങാടമുണ്ടാക്കിയായിരുന്നു.
രാജശില്‍പ്പിയുടേയും പ്രിയതമയുടേയും ഓര്‍മ്മകള്‍ ഉറങ്ങുന്ന തുരുത്തിലെ  കൊച്ചുവീട്ടില്‍ ഇപ്പോള്‍ മകന്‍ സോമന്‍ മാത്രമാണ്‌ താമസം. തുരുത്തിലെ  വീട്ടിലേക്ക്‌ വഴി നിര്‍മിച്ച്‌ നല്‍കാമെന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌  പുന്നമടക്കായലില്‍ ആഴ്‌ന്ന്‌ പോയി. ജീവിച്ചിരിക്കുമ്പോള്‍ ഒരു  രാജശില്‍പ്പിയെപ്പോലെ കണ്ട സര്‍ക്കാര്‍ മരണശേഷം അവഗണന തുടരുകയാണ്‌.  പുന്നമടയിലും ആറന്മുളയിലും ലക്ഷങ്ങള്‍ ആഹ്ലാദത്തില്‍ ആറാടുമ്പോള്‍  രാജശില്‍പ്പിയുടെ ആത്മാവ്‌ വിങ്ങുകയാവും!

1 അഭിപ്രായം:

  1. I'm a student of IIT Gandhinagar and I'm working on a research project on Aranmula Temple. I would like to interview the author of this blog. If the author is interested in talking, kindly contact me: janzrev@gmail.com

    മറുപടിഇല്ലാതാക്കൂ