ഐതിഹ്യപ്പെരുമയില്‍ തിരുവോണത്തോണി


ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂര്‍ ഗ്രാമത്തിത്തില്‍ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണനാളിലും വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്മണനു കാൽകഴുകിച്ചൂട്ട് നടത്തിവന്നിരുന്നു. ഒരുവര്‍ഷം ഊണുകഴിക്കാനായി ആരും എത്തിയില്ല. വര്‍ഷങ്ങളായുള്ള തന്റെ വ്രതം മുടങ്ങുന്നതില്‍ ദു:ഖിതനായ ഭട്ടതിരി ആറന്മുളഭഗവാനെ പ്രാര്‍ഥിച്ച് ഓണനാളില്‍ ഉപവസിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ തേജസ്വിയായ ഒരു ബാലന്‍ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അന്ന് കാല്‍ കഴുകിച്ചൂട്ട് നടന്നതിനുശേഷം ബാലന്‍ അദ്ദേഹത്തോട് ഇനിയുള്ള കാലം ഓണത്തിനുള്ള വിഭവങ്ങള്‍ തയാറാക്കി ആറന്മുളയില്‍ എത്തിച്ചാല്‍ മതിയെന്നു പറഞ്ഞാണ് പോയത്.



അന്നു രാത്രി സ്വപ്ന ദര്‍ശനത്തില്‍ വന്നതു സാക്ഷാല്‍ ആറന്മുളഭഗവാന്‍ ആയിരുന്നുവെന്നു മനസ്സിലാക്കിയ മങ്ങാട്ടൂ ഭട്ടതിരി പിറ്റേവര്‍ഷംമുതല്‍ ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരു തോണിയില്‍ നിറച്ച് ഉത്രാടനാളില്‍ കാട്ടൂരില്‍നിന്നു പുറപ്പെട്ട് തിരുവോണപ്പുലര്‍ച്ചയില്‍ ആറന്മുള ക്ഷേത്രക്കടവില്‍ എത്തിച്ചുതുടങ്ങി. ഇങ്ങനെ വർഷങ്ങള്‍ കടന്നു പോകുകയും അദ്ദേഹത്തിന്റെ പിന്‍ തലമുറകളും ഈ ആചാരം ഭംഗിയായി നടത്തി കൊണ്ടുപോന്നിരുന്നു.കാട്ടൂര്‍ കരയിലെ 18 നായര്‍ തറവാടുകളില്‍നിന്ന് ശേഖരിച്ച സദ്യയ്ക്കുള്ള വിഭവങ്ങളുമായി ഒരിക്കല്‍ മലങ്കോവിന്മാര്‍ എന്ന തസ്കരസംഘം വഴിയില്‍വച്ചു ആറന്മുളക്കു പുറപ്പെട്ട കാട്ടൂര്‍ ഭട്ടതിരിയെ തടഞ്ഞ് തിരുവോണത്തോണിയെ ആക്രമിച്ചു. ഇത് അറിഞ്ഞ് തിരുവോണ തോണിയുടെ സംരക്ഷണാര്‍ഥം കരനാഥന്മാര്‍ വലിയ വള്ളങ്ങളില്‍ സംഘമായെത്തി കവടച്ചക്കാരെ തുരത്തി ഓടിച്ചു. പിന്നീടുള്ള വർഷങ്ങളില്‍ തോണിയുടെ സംരക്ഷണാര്‍ഥം, കൂടുതല്‍പേര്‍ക്കു കയറാവുന്ന വള്ളങ്ങള്‍ ഉണ്ടാക്കി തോണിയെ അനുധാവനം ചെയ്തുപോന്നു.തോണിക്ക് സംരക്ഷണം നല്‍കി ഒപ്പം വരാന്‍വേണ്ടി നിര്‍മ്മിച്ചതാണ് പള്ളിയോടങ്ങളെന്നുമാണ് ഐതിഹ്യം.അനന്തശായിയായ മഹാവിഷ്ണുവിന്റെ സങ്കല്പത്തില്‍ നിര്‍മ്മിച്ചതിനാലാണ്  ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പള്ളിയോടം എന്ന പേര് ലഭിച്ചതെന്നും ഐതിഹ്യമുണ്ട്. രാത്രി തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ആറന്മുള ഉത്രട്ടാതി ജലമേള  ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്.


    

1 അഭിപ്രായം: