പള്ളിയോടങ്ങളുടെ നാട്ടിലൂടെ പാര്‍ത്ഥസാരഥിക്ക് ഒരു പ്രദക്ഷിണം

ഭക്തിയുടെയും അനുഷ്ട്ടാനവും സമന്വയിക്കുന്ന ആറന്മുള ഉത്രിട്ടാതി ജലമേള യ്ക്കായി ജലരാജാ ക്കന്മാരുടെ നാടുണർന്നു. കാഴ്ച ഭംഗിയും നനോന്നതയുടെ താളവും പമ്പയിലേക്ക്  വീഴുന്ന തുഴയുടെ താളഭംഗിയും ആറന്മുളയ്ക്കു മാത്രം സ്വന്തം. തിരുവാറന്മുള ശ്രീ പാർത്ഥസാരഥിക്ക് കാട്ടൂർ മാങ്ങാട്ട് ഇല്ലത്തുനിന്നും തിരുവോണ സദ്യക്ക് തിരുവോണ നാളിൽ സദ്യാ സാധനങ്ങൾ കൊണ്ടുവരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനായിട്ടാണ്  പള്ളിയോടങ്ങൾ  നിർമിച്ചതെന്നു ഐതീഹ്യമാലയിൽ പരാമർശിച്ചിട്ടുണ്ട്. പുലർച്ചെ ആയതിനാൽ എല്ലാ പള്ളിയോടങ്ങളെയും പ്രദേശ വാസികൾക്ക് കാണാൻ കഴിയില്ല അതിനാൽ ആണ് അർജുനനാൽ പ്രതിഷ്ട്ടിക്കപ്പെട്ട ആറന്മുള പാർത്ഥസാരഥിയുടെ പ്രതിഷ്ട്ടാ ദിനമായ ഉത്രിട്ടാതി നാൾ ജലമേള നടത്തുന്നത്....
51ന്നിൽ പരം പള്ളിയോടങ്ങൾ ഇപ്പോൾ നിലവിലുണ്ട് ആറന്മുളയിൽ ആ പള്ളിയോടകരകളിലൂടെ പാർത്ഥസാരഥിക്ക് ഒരു പ്രതിക്ഷിണം.............



                                                              വന്മഴി പള്ളിയോടം 

കാലപ്പഴക്കത്താല്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് പള്ളിയോടം നഷ്ടപ്പെട്ട വന്‍മഴി 2006ലാണ് പുതിയ പള്ളിയോടം പണിത് നീറ്റിലിറക്കിയത്.ഉത്രട്ടാതി ജലമേളയില്‍ ഭഗവാന്റെ സ്തുതികള്‍ പാടാനും തുഴയെറിയാനുമായി പ്രാര്‍ത്ഥനയോടെ എത്തിയ പുതിയ പള്ളിയോടം ആദ്യവര്‍ഷംതന്നെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചു.

ചങ്ങംകരി വേണുആചാരി നിര്‍മ്മിച്ച പള്ളിയോടം 2006ല്‍തന്നെ മികച്ച ചമയത്തിനുള്ള സമ്മാനവും 2010ല്‍ മൂന്നാം സ്ഥാനവും 2011ല്‍ മന്നം ട്രോഫിയും നേടി. വന്‍മഴി 1207-ാം നമ്പര്‍ എസ്.എസ്.കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന് 40 കോല്‍ നീളമുണ്ട്. 60 അംഗുലം ഉടമയും 14 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ നിലയാളുകള്‍ ഉള്‍പ്പെടെ 80പേര്‍ക്ക് കയറാം.ജലമേളയ്ക്കായി പുറപ്പെടും മുമ്പ് ശ്രീമാന്‍കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും വഴിപാട് നടത്തും. 


                                                        മുതവഴി പള്ളിയോടം 

പടിഞ്ഞാറിന്റെ വേഗം ഉടലേറ്റിയതാണ് മുതവഴി പള്ളിയോടത്തിന്റെ പ്രത്യേകത.പഴയ കുട്ടനാടന്‍ കളിവള്ളമായ കേളമംഗലം സത്യവാന്‍ എന്ന ചുണ്ടന്‍ മുതവഴി കരക്കാര്‍ വിലയ്ക്കുവാങ്ങി അമരച്ചാര്‍ത്തും മറ്റും ചേര്‍ത്തുവച്ച് ആറന്മുള പള്ളിയോടമാക്കിയപ്പോള്‍ പടിഞ്ഞാറന്‍-ആറന്മുള ശൈലികളുടെ ലയനംകൂടിയായി ഈ പള്ളിയോടം. മുതവഴി 1723-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം ജലോത്സവത്തിന്റെ പഴക്കം അവകാശപ്പെടാവുന്ന ഒന്നാണ്. അറുപത്തഞ്ച് കരക്കാര്‍ തുഴയെറിയുന്ന പള്ളിയോടത്തിന് 30 മീറ്റര്‍ നീളവും 1.85 മീറ്റര്‍ ഉടമയുമുണ്ട്. മുതവഴിയുടെ വീര്യം പ്രോജ്വലമായ മുന്‍കാല മത്സരചരിത്രത്തിലുണ്ട്. ഉത്രട്ടാതി ജലമേളയുടെ എട്ട് ഫൈനലില്‍ തുഴയെറിഞ്ഞ മുതവഴി നാല് പ്രാവശ്യം രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. എറണാകുളം രാജീവ് ഗാന്ധി ജലമേള, അമൃതാനന്ദമയീജലോത്സവം, നീരേറ്റുപുറം വള്ളംകളി, ചമ്പക്കുളം ജലോത്സവം, മാന്നാര്‍ മഹാത്മാ ജലോത്സവം, തിരുവന്‍വണ്ടൂര്‍ ജലോത്സവം എന്നിവിടങ്ങളില്‍ മത്സരിച്ച് സമ്മാനം നേടിയിട്ടുള്ള മുതവഴി മാലക്കര അവിട്ടം ജലോത്സവത്തില്‍ ഒന്നാം സ്ഥാനവും ഇറപ്പുഴ ചതയജലോത്സവത്തിന് രണ്ട്പ്രാവശ്യം ഹാട്രിക്ക് ട്രോഫിയും നേടിയിട്ടുണ്ട്. ആദ്യമായി പള്ളിയോടം വാങ്ങിയ തകഴി കേളമംഗലത്ത് കരക്കാര്‍ പള്ളിയോടവുമായെത്തി പ്രസാദമൂട്ടും കഴിഞ്ഞാണ് ഞായറാഴ്ച രാത്രി മടങ്ങിയെത്തിയത്.

മുതവഴി കുമാരമംഗലം ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷം ഇവിടെനിന്ന് നയമ്പുമായി പള്ളിയോടത്തിലേറുന്ന കരക്കാര്‍ ശ്രീമാന്‍കുളങ്ങര ദേവീക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും വഴിപാട് നടത്തിയശേഷമാണ് ആറന്മുളയ്ക്ക് തിരിക്കുന്നത്.
                                                                    

                                                    ചെന്നിത്തല പള്ളിയോടം 


 ചെന്നിത്തല അച്ചന്‍കോവിലാര്‍ കടന്ന് പമ്പയില്‍ തുഴഞ്ഞ് പാര്‍ത്ഥസാരഥിക്കടുത്തേക്ക്

പാര്‍ത്ഥസാരഥിയെ വണങ്ങാന്‍ അച്ചന്‍കോവിലാറ്റില്‍നിന്ന് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടം എന്ന ഖ്യാതി ചെന്നിത്തലയ്ക്ക് മാത്രം സ്വന്തം.വെച്ചൊരുക്കും ആചാരവുമായി പള്ളിയോട യാത്രയ്ക്ക് ഏറ്റവുമധികം ചടങ്ങുകള്‍ നടക്കുന്ന കരയെന്ന പ്രത്യേകതയും ചെന്നിത്തലയ്ക്കുണ്ട്.അച്ചന്‍കോവിലാര്‍, കുട്ടമ്പേരൂരാറ്, പമ്പാനദി എന്നീ നദികള്‍ പിന്നിട്ട് 80 കിലോമീറ്റര്‍ തുഴഞ്ഞാണ് പള്ളിയോടം തിരുവാറന്മുളയപ്പന്റെ മണ്ണിലെത്തുന്നത്.
തിരുവോണപ്പിറ്റേന്നുതന്നെ ചെന്നിത്തലക്കരയില്‍ ആറന്മുള യാത്രക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങും.

പള്ളിയോടക്കടവില്‍ പുറപ്പെടല്‍ ചടങ്ങിനായി തയ്യാറാക്കുന്ന ശ്രീകോവിലില്‍ പാര്‍ത്ഥസാരഥിയെ പ്രതിഷ്ഠിച്ചാണ് ആചാരങ്ങള്‍ നടത്തുന്നത്. ഈ ദിവസങ്ങളില്‍ കരക്കാര്‍ വള്ളസദ്യ, നിറപറ, താംബൂല വഴിപാട്, അവില്‍പൊതി എന്നിവയെല്ലാം സമര്‍പ്പിക്കും. പുതിയ തലമുറക്കായി വഞ്ചിപ്പാട്ട് കളരിയും നടത്തും.പമ്പാനദി കരയിലെത്തുന്ന നാക്കട കടവുവരെ ഇരുകരകളിലും ഭക്തര്‍ പള്ളിയോടത്തിന് കാഴ്ചക്കുലകള്‍, വെറ്റില, പുകയില, അവില്‍പ്പൊതി എന്നിവയുമായി കാത്തുനില്‍ക്കും.

120 വര്‍ഷം മുമ്പ് കിണറുവിള രാമന്‍ നായര്‍, കൊന്നക്കോട്ട് നീലകണ്ഠപ്പിള്ള, വളയത്തില്‍ വേലുപ്പിള്ള, കല്ലിക്കാട്ട് കേശവപിള്ള തുടങ്ങിയ കരപ്രമാണിമാരാണ് ആദ്യമായി ചെന്നിത്തല കരയ്ക്ക് കുട്ടനാട്ടില്‍നിന്ന് ചുണ്ടന്‍വള്ളം വാങ്ങിയത്. ഇപ്പോള്‍ ചെന്നിത്തല തെക്ക് 93-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന് 93 അടി നീളവും അന്‍പത്തിയൊന്നേകാല്‍ അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. 2010-ല്‍ പുതിയ പള്ളിയോടം ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തില്‍ പണിത് നീറ്റിലിറക്കുകയും പഴയ പള്ളിയോടം പുതുക്കുളങ്ങരയ്ക്ക് വില്‍ക്കുകയും ചെയ്തു.

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ രണ്ടുതവണ രണ്ടാംസ്ഥാനം നേടിയ ചെന്നിത്തലയ്ക്ക് 1975 ല്‍ ചമയത്തിനും 1996-ല്‍ ചമയം, വഞ്ചിപ്പാട്ട്, ചിട്ടയായ തുഴച്ചില്‍ എന്നിവയ്ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. .                                                                            

 കീഴ്‌വന്മഴി പള്ളിയോടം 

പള്ളിയോടങ്ങളുടെ തുടക്കകാലം മുതല്‍ പള്ളിയോടം ഉണ്ടായിരുന്ന കരകളിലൊന്നാണ് കീഴ്‌വന്‍മഴിയും.ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മന്നം ട്രോഫി നേടിയിട്ടുള്ള പഴയ പള്ളിയോടം ആലപ്പുഴ നെഹ്‌റു ട്രോഫി ജലോത്സവം, എറണാകുളം ഇന്ദിരാഗാന്ധി ജലോത്സവം, അമൃതാനന്ദമയി ജലോത്സവം, മാന്നാര്‍ മഹാത്മാ ജലോത്സവം, തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ജലോത്സവം തുടങ്ങിയ ജലമേളകളില്‍ പങ്കെടുത്ത് ട്രോഫി നേടിയിട്ടുണ്ട്.

പഴയ പള്ളിയോടം ഓതറ പള്ളിയോട സേവാ സമിതിക്ക് വിറ്റ് 2006-ല്‍ ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തില്‍ നാല്പത്തിയാറേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള പുതിയ പള്ളിയോടം പണിതീര്‍ത്തു.

4 അമരക്കാരും 90 തുഴക്കാരും നിലയാളുകളും ഉള്‍പ്പെടെ 110 പേര്‍ക്ക് കേറാവുന്ന എ ബാച്ച് പള്ളിയോടം ഉത്രട്ടാതി ജലമേളയില്‍ പുതുതായി നീറ്റിലിറക്കിയ 2006-ല്‍ മൂന്നാംസ്ഥാനവും 2008-ല്‍ രണ്ടാംസ്ഥാനവും 2009-ല്‍ മൂന്നാംസ്ഥാനവും നേടി.

കീഴ്‌വന്മഴി 1767-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടം ഉത്രട്ടാതി ജലമേളയ്ക്ക് പുറപ്പെടുംമുമ്പ് ആലുംമൂട്ടില്‍ ദേവീക്ഷേത്രം, തൃക്കണ്ണപുരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ വഴിപാട് നടത്തി ദേവീദേവന്മാരെ വണങ്ങിയ ശേഷമാണ് പുറപ്പെടല്‍.

                                         കോയിപ്രം പള്ളിയോടം

ഉത്രട്ടാതി ജലമേളയോളം പഴക്കവും പാരമ്പര്യമുണ്ടെന്ന ഖ്യാതിയുള്ള കരയാണ് കോയിപ്രം. പഴയപള്ളിയോടത്തിലെ ചില പലകകള്‍ ഇപ്പോഴത്തെ പള്ളിയോടത്തിലുമുണ്ടെന്നാണ് കരക്കാരുടെ വിശ്വാസം. 

കോയിപ്രം 569-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള നിലവിലെ പള്ളിയോടം 1102-ാം ആണ്ടില്‍ റാന്നി മുണ്ടപ്പുഴ തച്ചന്മാരും നെല്ലിക്കല്‍ മാരുപ്പറമ്പില്‍ നാരായണനാചാരിയും ചേര്‍ന്ന് നിര്‍മ്മിച്ചതാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച ഈ പള്ളിയോടത്തിന് പകരം പുതിയ പള്ളിയോടത്തിന് വെള്ളിയാഴ്ച ഉളികുത്തല്‍ നടക്കും. അയിരൂര്‍ ചെല്ലപ്പനാചാരി മുഖ്യശില്പിയായി പണി ആരംഭിക്കുന്ന പുതിയ പള്ളിയോടം അടുത്ത ചിങ്ങത്തില്‍ നീരണിയും. ഇതോടുകൂടി ആറന്മുള പള്ളിയോടങ്ങളിലെ ഒറ്റ മണിക്കാല്‍ എന്ന ഗണത്തിലെ അവസാനത്തെ പള്ളിയോടവും പമ്പയുടെ നെട്ടായത്തില്‍ നിന്ന് മറയും.

പള്ളിയോടത്തിന്റെ ചുവട്ടിലെ നടുഭാഗത്തുനിന്ന് രണ്ട് വശത്തേക്കും വീതികുറഞ്ഞുവരുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയോടങ്ങളെയാണ് ഒറ്റമണിക്കാല്‍ പള്ളിയോടം എന്ന് വിളിച്ചിരുന്നത്. ഒഴുക്കിനെതിരെ തുഴയുമ്പോള്‍ വേഗം കൂടുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവിന്റെ 1104ലെ തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന് കാണാനായി കൊല്ലത്തേര്‍പ്പെടുത്തിയ വള്ളംകളിയിലും കോയിപ്രം പങ്കെടുത്തിട്ടുണ്ട്. 

നാല്‍പ്പത്തിയാറേകാല്‍ കോല്‍ നീളവും 67 അംഗുലം ഉടമയുമുള്ള പള്ളിയോടത്തില്‍ 80 പേര്‍ക്ക് കയറാം. 

                                                   കീഴ്‌ച്ചേരിമേല്‍ പള്ളിയോടം

നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹം ശിരസ്സിലേറ്റി പാര്‍ഥസാരഥിയുടെ തിരുമുമ്പിലേക്ക് പുറപ്പെടാന്‍ കീഴ്‌ച്ചേരിമേല്‍ പള്ളിയോടം ഒരുങ്ങി. ചെങ്ങന്നൂര്‍ മഹാദേവന്റെയും ശാസ്താംകുളങ്ങര നരസിംഹസ്വാമിയുടെയും സാന്നിധ്യംകൊണ്ട് ധന്യമായ കര. പള്ളിയോടപരമ്പരയിലെ പുതുമക്കാരിലൊന്നാണ് കീഴ്‌ച്ചേരിമേല്‍. വഞ്ചിപ്പാട്ട്പാടി പള്ളിയോടത്തിലേറി പാര്‍ഥസാരഥിയെ വണങ്ങി സായുജ്യമടക്കാനുള്ള കരക്കാരുടെ ദീര്‍ഘനാളത്തെ പ്രയത്‌നഫലമായി 2009 ലാണ് പുതിയ പള്ളിയോടം പണിത് നീറ്റിലിറക്കിയത്. 

2009 ഉത്രട്ടാതിനാളിലെ വെള്ളപ്പൊക്കം കാരണം നീരണിഞ്ഞവര്‍ഷം പള്ളിയോടവുമായി ആറന്മുളയ്‌ക്കെത്താന്‍ കീഴ്‌ച്ചേരിമേല്‍ കരയ്ക്ക് കഴിഞ്ഞില്ല. ആ വര്‍ഷം കരമാര്‍ഗം ആറന്മുളയിലെത്തി ഭഗവാന് വഴിപാട് നടത്തി മടങ്ങിയ കരക്കാര്‍ പിന്നീട് മൂന്നുവര്‍ഷവും പള്ളിയോടം തുഴഞ്ഞ് ആറന്മുളയിലെത്തി ഉത്രട്ടാതി ജലോത്സവത്തില്‍ പങ്കെടുത്തു. 

പള്ളിയോടശില്പി അയിരൂര്‍ ചെല്ലപ്പനാചാരിയുടെ നേതൃത്വത്തില്‍ പണിതീര്‍ത്ത പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം കീഴ്‌ച്ചേരിമേല്‍ 698-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിനാണ്. നാല്പത്തിയാറേമുക്കാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപൊക്കമുണ്ട് .

                                                ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടം 

ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ ഏറ്റവും കിഴക്കുനിന്നുള്ള പള്ളിയോടമാണ് ഇടപ്പാവൂര്‍ പേരൂര്‍. ഉത്രട്ടാതിനാളില്‍ നീരണിഞ്ഞ ഏക പള്ളിയോടമെന്ന പ്രത്യേകതയും ഈ പള്ളിയോടത്തിന് സ്വന്തം.

ദക്ഷിണാമൂര്‍ത്തിഭാവത്തില്‍ ഈ കരയില്‍ കുടികൊള്ളുന്ന പരമശിവന്റെയും അഭീഷ്ടവരദായിനിയായ ഇടപ്പാവൂര്‍ ദേവിയുടെയും നാട്ടിലേക്ക് ആദ്യമായി മന്നംട്രോഫി കൊണ്ടുവന്ന ഇടപ്പാവൂര്‍ ചുണ്ടന്റെ ജീര്‍ണ്ണാവസ്ഥയ്ക്ക് പരിഹാരമെന്നോണം കരകളിലെ ജലോത്സവപ്രേമികളുടെ ആഗ്രഹസഫലീകരണമാണ് ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടം. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനായി ആദ്യകാലത്ത് നിര്‍മ്മിച്ച പള്ളിയോടത്തിനുപകരം 2006ല്‍ ആഗസ്തില്‍ നീരണിഞ്ഞ പുതിയ പള്ളിയോടത്തിന്റെ ശില്പി ചങ്ങംകരി വേണു ആചാരിയാണ്. 

നാല്‍പ്പത്തിയാറേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. 90 തുഴച്ചില്‍ക്കാരും 10 വഞ്ചിപ്പാട്ടുകാരും ഉള്‍പ്പെടെ 110 പേര്‍ക്ക് കയറാന്‍ പാകത്തിലാണ് പള്ളിയോടത്തിന്റെ നിര്‍മ്മാണം. ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടം, കരയിലെ മൂന്നാമത്തേതാണ്. 


                                                      ചെറുകോല്‍ പള്ളിയോടം 

രാജമുദ്രയുടെ രാജപ്രൗഢിയില്‍ ചെറുകോല്‍,തിരുവിതാംകൂര്‍ രാജമുദ്രയുടെ തിളക്കവുമായെത്തുന്ന പള്ളിയോടം എന്ന ഖ്യാതി ആറന്മുള പള്ളിയോടങ്ങളില്‍ ചെറുകോലിന് മാത്രം സ്വന്തം. ആകാരഭംഗിയിലും തടിക്കോളിലും മുന്നില്‍ നില്‍ക്കുന്ന പള്ളിയോടം എന്ന പ്രത്യേകതയും ചെറുകോലിനുണ്ട്. പാരമ്പര്യത്തിന്റെ പെരുമയ്‌ക്കൊപ്പം രാജശോഭയുടെ പ്രഭകൂടി ചൊരിയുന്ന ചെറുകോല്‍ കരയ്ക്ക് 85 വര്‍ഷത്തിലധികമായി പള്ളിയോടമുണ്ട്. 

ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ 2012 ആഗസ്ത് 31ന് ആറന്മുളയപ്പന് വഴിപാട് വള്ളസദ്യ നടത്തിയത് ചെറുകോല്‍ പള്ളിയോടത്തിനായിരുന്നു. ചെറുകോല്‍ കരയിലെത്തി ഉത്രാടം തിരുനാള്‍ പത്മനാഭനാമം ആലേപനംചെയ്ത രാജമുദ്ര പള്ളിയോടത്തിന് സമര്‍പ്പിച്ചാണ് മടങ്ങിയത്. ഈ വര്‍ഷവും മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ വള്ളസദ്യ ഉദ്ഘാടനദിനമായ ജൂലായ് 31 ചെറുകോല്‍ പള്ളിയോടത്തിന് വള്ളസദ്യ വഴിപാട് സമര്‍പ്പിച്ചു. ഉത്രട്ടാതി ജലമേളയില്‍ ഈ വര്‍ഷവും രാജമുദ്രയണിഞ്ഞെത്തുന്ന പള്ളിയോടത്തിന്റെ ഇരുഭാഗത്തുമായാണ് മുദ്ര പതിപ്പിച്ചിരിക്കുന്നത്. 

ചെറുകോല്‍ 712-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടത്തിന് നാല്‍പ്പത്തിനാലേകാല്‍ കോല്‍ നീളവും 69 അംഗുലം ഉടമയുമുണ്ട്. 18 അടി അമരപ്പൊക്കമുള്ള പള്ളിയോടത്തില്‍ നിലയാള്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് കയറാം. കൊച്ചി, ആലപ്പുഴ ജലമേളയില്‍ പങ്കെടുത്ത ചെറുകോല്‍ പള്ളിയോടം മന്നം ട്രോഫി അടക്കം ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 1960, 1991, 2001 വര്‍ഷങ്ങളില്‍ പുതുക്കിപ്പണിതിട്ടുണ്ട് .

                                         ഇടശ്ശേരിമല. പള്ളിയോടം 

പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഉത്രട്ടാതി ജലമേളയില്‍ ഒരു നൂറ്റാണ്ടിലേറെയായി പ്രാതിനിധ്യമുള്ള പള്ളിയോടക്കരയാണ് ഇടശ്ശേരിമല.ഉത്രട്ടാതി ജലമേളയ്ക്ക് ആതിഥ്യംവഹിക്കുന്നു എന്ന അപൂര്‍വഭാഗ്യവും ഈ കരയ്ക്ക്‌സിദ്ധിച്ചിട്ടുണ്ട്. ആറന്മുള ക്ഷേത്രം സ്ഥിതിചെയ്യുന്നതും ഈ കരയിലാണ്. പള്ളിയോട സേവാസംഘം രൂപവത്കരിച്ചപ്പോള്‍ സ്ഥാപക അംഗമായ ഇടശ്ശേരിമല 1972 മുതല്‍ മത്സരവള്ളംകളി ഏര്‍പ്പെടുത്തിയതിനുശേഷം നിരവധി ട്രോഫികള്‍ സ്വന്തമാക്കി. 1979, 1983, 1984 വര്‍ഷങ്ങളിലെ ഫൈനലുകളില്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. 1995ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പ് എന്ന നിലയില്‍ ഫൈനലിലെത്തി മൂന്നാംസ്ഥാനം നേടി.

1997ല്‍ പരമ്പരാഗതശൈലിയില്‍ തുഴഞ്ഞതിനുള്ള ട്രോഫിയും 1992ല്‍ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാംസ്ഥാനവും നേടി. 2002ല്‍ പുതിയ പള്ളിയോടം നീറ്റീലിറക്കിയശേഷം 2011ലും 2012ലും മന്നം ട്രോഫി നേടിയ പള്ളിയോടം 2011ലേയും 2012ലേയും മാനവമൈത്രി ജലോത്സവത്തിലും ജേതാക്കളായി.ഏറ്റവും അഴകാര്‍ന്ന പള്ളിയോടം എന്നു കരുതപ്പെടുന്ന ഈ പള്ളിയോടത്തിന് നൂറ്റിപ്പതിനേഴേകാല്‍ അടി നീളവും, 18 അടി അമരവും 68 അംഗുലം ഉടമയുമുണ്ട്. 110 തുഴച്ചില്‍കാര്‍ക്ക് കയറാവുന്ന പള്ളിയോടത്തിന്റെ ശില്പി ചങ്ങംകരി വേണു ആചാരിയാണ്.

ആറന്മുള ഇടശ്ശേരിമല 234-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഇടശ്ശേരിമല പള്ളിയോടം ആലപ്പുഴ നെഹ്‌റുട്രോഫി, എറണാകുളം ജലോത്സവം, അമൃതാനന്ദമയീ ജലോത്സവം, ഇറപ്പുഴ ചതയം ജലോത്സവം എന്നീ മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. 9 ലക്ഷം രൂപ ചെലവില്‍ പണിതീര്‍ത്ത ദശാവതാരങ്ങളോടുകൂടിയ തങ്കത്തില്‍ തീര്‍ത്ത അമരച്ചാര്‍ത്തുമായാണ് ആതിഥേയകരയായ ഇടശ്ശേരിമല പള്ളിയോടത്തിനു.



                                   കോടിയാട്ടുകര പള്ളിയോടം 

സംസ്‌കാരത്തിന്റെ കൂട്ടായ്മയുമായി കോടിയാട്ടുകര ആറന്മുള ജലമേളയില്‍ മതമൈത്രിയുടെയും സാമൂഹിക സമത്വത്തിന്റെയും കരക്കൂട്ടായ്മയുടെയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെയും സന്ദേശമുണര്‍ത്തിയാണ് കോടിയാട്ടുകര എന്ന പടിഞ്ഞാറന്‍ പള്ളിയോടം പങ്കെടുക്കുന്നത്. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പുതന്നെ സ്വന്തമായി പള്ളിയോടമുണ്ടായിരുന്ന പടിഞ്ഞാറന്‍കരയാണ് കോടിയാട്ടുകര. കാലപ്പഴക്കത്താല്‍ അന്നുണ്ടായിരുന്ന പള്ളിയോടം ജീര്‍ണിച്ച ശേഷം, 90 വര്‍ഷത്തോളം കോടിയാട്ടുകരക്കാര്‍ക്ക് പള്ളിയോടം ഒരു സ്വപ്നംമാത്രമായിരുന്നു. ആ കാലയളവിലും സ്വന്തമായി ഒരു പള്ളിയോടം എന്ന സങ്കല്പം താലോലിച്ച് കരക്കാര്‍ ആറന്മുള പള്ളിയോട സംസ്‌കാരവുമായി മനസ്സും ശരീരവും അര്‍പ്പിച്ച് സഹകരിച്ചിരുന്നു. 1971-ല്‍ ഇടയാറന്മുള കിഴക്കുനിന്ന് വാങ്ങിയ ചുണ്ടന്‍വള്ളം ആകാരഭംഗി വരുത്തി പുതുക്കിപ്പണിതു. 

നിരവധിത്തവണ പല ജലോത്സവങ്ങളിലും സമ്മാനം നേടിയ പള്ളിയോടം 2005-ല്‍ വീണ്ടും പുതുക്കിപ്പണിത് നീറ്റിലിറക്കി. മാലക്കര, ഇറപ്പുഴ, തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ജലോത്സവങ്ങളില്‍ പങ്കെടുത്ത് ട്രോഫികള്‍ നേടിയിട്ടുണ്ട്. തിരുവാറന്മുള പള്ളിയോടസംസ്‌കാരത്തെ നെഞ്ചിലേറ്റി സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ പള്ളിയോട സേവാ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് പള്ളിയോടം.

                                            ഇടയാറന്മുള പള്ളിയോടം 

പള്ളിയോടങ്ങളുടെ നാടുണരുന്നു വിളക്കുമാടത്തിന്റെ പുണ്യം ഏറ്റുവാങ്ങി ഇടയാറന്മുള.ആറന്മുള പാര്‍ത്ഥസാരഥിയുടെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിന്റെ മുറ്റത്തിട്ട് പണി പൂര്‍ത്തിയാക്കി നീറ്റിലിറക്കിയതെന്ന ഖ്യാതിയുള്ള പള്ളിയോടമാണ് ഇടയാറന്മുള. പാര്‍ത്ഥസാരഥിയുടെ മറ്റൊരു പള്ളിയോടത്തിനും ഇങ്ങനെയൊരു ഭാഗ്യവും അനുഗ്രഹം ലഭിച്ചിട്ടില്ലന്ന പ്രത്യേകതയും ഈ പള്ളിയോടത്തിനുണ്ട്. ഭഗവദ്‌സാന്നിധ്യത്തില്‍ പണികള്‍ പൂര്‍ത്തിയാക്കിയെന്ന് കരക്കാര്‍ വിശ്വസിക്കുന്ന പള്ളിയോടത്തില്‍ പാര്‍ത്ഥസാരഥിയുടെ സാന്നിധ്യം നേരിട്ടറിഞ്ഞതായി പഴമക്കാര്‍ പറയുന്നു. നിലവിലുള്ള പള്ളിയോടങ്ങളില്‍ ഈ അപൂര്‍വ്വഭാഗ്യത്തിനൊപ്പം വലിപ്പത്തിന്റെ കാര്യത്തിലും ഒന്നാമതാണ് ഇടയാറന്മുള. പ്രശസ്ത ശില്പി ചങ്ങംകരി വേണു ആചാരി നിര്‍മ്മിച്ച് നീറ്റിലറക്കിയ പള്ളിയോടത്തിന് നാല്‍പ്പത്തിയെട്ടേകാല്‍ കോല്‍ നീളവും 68 അംഗുലം ഉടമയും ഉണ്ട്. 18 അടി അമരപ്പൊക്കമുള്ള പള്ളിയോടത്തിന് ജലനിരപ്പില്‍നിന്ന് ഏഴരയടി ഉയര്‍ന്നുനില്‍ക്കുന്ന അണിയം പ്രത്യേക ചാരുത നല്‍കുന്നു. നിലയാളുള്‍പ്പെടെ 125 പേര്‍ക്ക് പള്ളിയോടത്തില്‍ കയറാം. 

ഇടയാറന്മുള പള്ളിയോടസേവാസമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടം 2001, 2005 വര്‍ഷങ്ങളില്‍ മന്നംട്രോഫിയും 2002ല്‍ മികച്ച ചമയത്തിനുള്ള ട്രോഫിയും നേടി. മാതൃഭൂമി ട്രോഫി, താവറവേലില്‍ ട്രോഫി എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും ഇടയാറന്മുള നേടിയിട്ടുണ്ട്. വിളക്കുമാടം കൊട്ടാരം, ചെറുപുഴക്കാട് ദേവീക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളില്‍ വഴിപാടുകള്‍ നടത്തിയശേഷമാണ് ഇടയാറന്മുള പള്ളിയോടം ആറന്മുള ജലഘോഷയാത്രയ്ക്ക് പുറപ്പെടുന്നത്. 


                                                      കീഴുകര പള്ളിയോടം 

അമരപ്പൊക്കത്തിന്റെ കീര്‍ത്തിയുമായി കീഴുകര;പെരുമയുടെ പാരമ്പര്യം കൈമുതലായുള്ള പള്ളിയോടമാണ് കീഴുകര. ആറന്മുളയും ഉത്രട്ടാതി ജലമേളയുമായി കീഴുകരക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്.ആദ്യ പള്ളിയോടം ജീര്‍ണിച്ചതിനെ തുടര്‍ന്ന് തിരുവന്‍വണ്ടൂരില്‍ നിന്ന് വാങ്ങിയ പള്ളിയോടം കരയുടെ യശ്ശസ്സുയര്‍ത്തി. ഉത്രട്ടാതി ജലമേളയില്‍ മത്സരം തുടങ്ങിയ 1972-ല്‍ രണ്ടാംസ്ഥാനവും തുടര്‍ന്ന് നിരവധി സമ്മാനങ്ങളും നേടിയ പള്ളിയോടം ആറാട്ടുപുഴയ്ക്ക് വിറ്റശേഷം 1986 ല്‍ കോഴിമുക്ക് നാരായണന്‍ ആചാരി പുതിയ പള്ളിയോടം നിര്‍മ്മിച്ചു. ഇതും വിറ്റശേഷമാണ് 2008 ല്‍ എ ബാച്ചില്‍ ഇപ്പോഴത്തെ പള്ളിയോടം നിര്‍മ്മിച്ചത്. അയിരൂര്‍ ചെല്ലപ്പനാചാരി നിര്‍മ്മിച്ച പള്ളിയോടം 2008 സപ്തംബറില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് നീരണിയിച്ചത്. 

1985 ലെ ജലമേളയില്‍ മന്നം ട്രോഫി നേടിയ പള്ളിയോടത്തിന് 47 കോല്‍ നീളവും 64 അംഗുലം ഉടമയുമുണ്ട്. ആറന്മുള പള്ളിയോടങ്ങളില്‍ ഏറ്റവുമധികം അമരപ്പൊക്കമുള്ള മേലുകരയുടെ ഉയരം 20 അടിയാണ്. നിലയാളുകള്‍ ഉള്‍പ്പെടെ 125 പേര്‍ക്ക് കയറാവുന്ന പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം 717-ാം നമ്പര്‍ എന്‍.എസ്.എസ്. കീഴുകര കരയോഗത്തിനാണ്.


                                              തെക്കേമുറി കിഴക്ക് പള്ളിയോടം 

ഗീതോപദേശത്തിന്റെ കരുത്തുമായി തെക്കേമുറി കിഴക്ക്; തേര്‍ത്തടത്തില്‍ തളര്‍ന്നിരുന്ന അര്‍ജുനന് ഗീതോപദേശത്തിലൂടെ പോരാട്ടവീര്യം നല്‍കിയ പാര്‍ത്ഥസാരഥിയാണ് തെക്കേമുറി കിഴക്ക്കരയുടെ വിശ്വാസവും ആശ്രയവും. തെക്കേമുറി കിഴക്കെന്ന പള്ളിയോടം ഉണ്ടായതുതന്നെ തിരുവാറന്മുളയപ്പന്‍ കാട്ടിയ വഴിയിലൂടെ കളങ്കമില്ലാതെ പോയതിനാലാണെന്നാണ് ഐതിഹ്യം. ജീര്‍ണിച്ചുപോയ പഴയപള്ളിയോടം കരക്കാര്‍ കൈമാറ്റം ചെയ്തിരുന്നു.

കുറുന്താര്‍, കാഞ്ഞിരവേലി, പേരപ്പൂര്‍, കര്‍ത്തവ്യം, പുന്നയ്ക്കാട് എന്നീ അഞ്ച് കരയോഗങ്ങള്‍ ചേര്‍ന്നാണ് പുതിയ പള്ളിയോടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അയിരൂര്‍ ചെല്ലപ്പനാചാരി നിര്‍മ്മിച്ച പള്ളിയോടത്തിന് നാല്പത്തിയേഴേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. പന്തളം കൊട്ടാരത്തിലെ വിശാഖം തിരുനാള്‍ രാമരാജവര്‍മ്മ 2011-ല്‍ നീരണിയിച്ചതാണ് 


                                                     പ്രയാര്‍ പള്ളിയോടം 

പള്ളിയോടങ്ങളുടെ നാടുണരുന്നു ഗോശാലകൃഷ്ണന്റെ അനുഗ്രഹവുമായി പ്രയാര്‍; പഞ്ചപാണ്ഡവക്ഷേത്രങ്ങളായ തിരുവാറന്മുള, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ തിരുവന്‍വണ്ടൂരുമായി അഭേദ്യബന്ധമുള്ള കരയാണ് പ്രയാര്‍. തിരുവാറന്മുളയപ്പന്‍ പാര്‍ഥസാരഥിയായി ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയുമ്പോള്‍ തിരുവന്‍വണ്ടൂരിലെ പ്രതിഷ്ഠാസങ്കല്‍പം ഗോശാലകൃഷ്ണനാണ്. 

ആറര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണ് 2009-ല്‍ പ്രയാര്‍കര പള്ളിയോടത്തില്‍ പാര്‍ഥസാരഥിയെ വണങ്ങാനെത്തിയത്. അയിരൂര്‍ കരയില്‍നിന്ന് വാങ്ങിയ എ ബാച്ച് പള്ളിയോടം 1946-ല്‍ ചങ്ങങ്കരി തങ്കപ്പനാചാരിയാണ് നിര്‍മ്മിച്ചത്. പള്ളിയോടം വാങ്ങിയ വര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തിയാണ് പ്രയാര്‍കര അന്ന് നീറ്റിലിറക്കിയത്. ഈ വര്‍ഷം അമരവും കൂമ്പും ഒഴികെയുള്ള ഭാഗങ്ങളില്‍ നടന്ന അറ്റകുറ്റപ്പണികള്‍ക്കായി 27 ലക്ഷം രൂപ കരക്കാര്‍ പള്ളിയോടത്തിനായി ചെലവഴിച്ചു. 

നാല്‍പ്പത്തിയാറേകാല്‍ കോല്‍ നീളവും 70 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം പ്രയാര്‍ 1746-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിനാണ്. 


                                             ഇടയാറന്മുള കിഴക്ക് പള്ളിയോടം 

വിളക്കുമാടത്തിന്റെ സാന്നിദ്ധ്യവുമായി ഇടയാറന്മുള കിഴക്ക്;തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടത്തിന്റെ സാന്നിദ്ധ്യവും സാമിപ്യവും കൊണ്ട് ഭാഗ്യം സിദ്ധിച്ച കരയാണ് ഇടയാറന്മുള കിഴക്ക്. ഇടയാറന്മുള കരയിലെ മൂന്ന് പള്ളിയോടങ്ങളില്‍ യൗവനയുക്തനെന്ന വിശേഷണവുമുണ്ട് ഈ പള്ളിയോടത്തിന്.മൂലസ്ഥാനത്തിനോട് തിരുവാറന്മുളയപ്പന്റെ സ്‌നേഹം അതിനടുത്തുള്ള പള്ളിയോടത്തിലുമെത്തുമെന്ന് കരക്കാര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ വഞ്ചിപ്പാട്ട് പഠിപ്പിച്ചും തുഴയെറിയാന്‍ പരിശീലിപ്പിച്ചും കരയൊന്നടങ്കം തയ്യാറെടുപ്പിലാണ്. 

വഞ്ചിപ്പാട്ട് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ താളമിടീലും ആര്‍പ്പുവിളികളുംകൊണ്ട് പള്ളിയോടക്കടവ് സജീവമായിക്കഴിഞ്ഞു. പണികള്‍ തീര്‍ത്ത് പള്ളിയോടത്തില്‍ പലതവണ തുഴയെറിഞ്ഞ കരക്കാര്‍ പാര്‍ഥസാരഥിക്കുമുമ്പില്‍ വഴിപാട് നടത്തി വള്ളസദ്യക്ക് എത്തി. 

1972-ല്‍ എടത്വയില്‍നിന്ന് വാങ്ങിയ നേതാജി ചുണ്ടന്‍ ആറന്മുള മാതൃകയിലാക്കിയാണ് കരക്കാര്‍ ആറന്മുളയിലെത്തിയിരുന്നത്. 1999-ല്‍ ഈ പള്ളിയോടം കോടിയാട്ടുകര കൈമാറിയശേഷം 2000-ല്‍ പുതിയ പള്ളിയോടം നിര്‍മ്മിച്ചു.ചങ്ങങ്കരി വേണു ആചാരി നിര്‍മ്മിച്ച പുതിയ പള്ളിയോടം 2000 ആഗസ്ത് 18ന് സിനിമാതാരം സുരേഷ്‌ഗോപി നീരണയിച്ചു. സൂര്യരശ്മിച്ചുറ്റുള്ള ആറന്മുളക്കണ്ണാടി അമരച്ചാര്‍ത്തില്‍ സ്ഥാപിച്ച ആദ്യ പള്ളിയോടമായ ഇടയാറന്മുള കിഴക്കിന്റെ ചുമതല ഇടയാറന്മുള കിഴക്ക് പള്ളിയോടസേവാസമിതിക്കാണ്. 

2000ലും 2008ലും ആര്‍.ശങ്കര്‍ട്രോഫി നേടിയിട്ടുള്ള പള്ളിയോടം 2003-ല്‍ മന്നംട്രോഫി കരയിലെത്തിച്ച് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. 43 കോല്‍ നീളവും 63 അംഗുലം ഉടമയും 19 അടി അമരപ്പൊക്കവു മാണ് 


                                         വെണ്‍പാല കദളിമംഗലം പള്ളിയോടം 

പടയണിതാളം സ്വന്തമാക്കി ആറന്മുളയിലേക്ക് വെണ്‍പാല കഥകളിയും പടയണി താളവും നെഞ്ചിലേറ്റിയ വെണ്‍പാല കദളിമംഗലം കരയ്ക്ക് പള്ളിയോടവും വഞ്ചിപ്പാട്ടും എന്നും അഭിനിവേശമാണ്. കരയുടെ അഭിമാനമായിരുന്ന പള്ളിയോടം നെഹ്‌റുട്രോഫിയിലെ നടുഭാഗം ചുണ്ടനായി മാറി. എട്ടുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് വെണ്‍പാലയ്ക്ക് മറ്റൊരു പള്ളിയോടം ഉണ്ടായത്.2002ല്‍ ഇടശ്ശേരിമല പള്ളിയോടം വാങ്ങി 108 നാഗപത്തികള്‍, വ്യാളീമുഖം, അഷ്ടദിക്പാലകര്‍, ചന്ദ്രക്കല എന്നിവയോടെ പുതുക്കിപ്പണിത് അമരച്ചാര്‍ത്തോടുകൂടിയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

പടിഞ്ഞാറ് ചെന്നിത്തല കഴിഞ്ഞാല്‍ ഏറ്റവും ദൂരത്തുനിന്ന് പാര്‍ഥസാരഥിയെ വണങ്ങാന്‍ എത്തുന്ന പള്ളിയോടം എന്ന ഖ്യാതിയും പെണ്‍പാലയ്ക്കുണ്ട്. കദളിമംഗലം ദേവീക്ഷേത്രത്തിലും ശ്രീവല്ലഭ ക്ഷേത്രത്തിലും പ്രത്യേക പൂജനടത്തി നീറ്റിലിറക്കുന്ന പള്ളിയോടം മണിമലയാറ്, കുത്തിയതോട്, വനവാതൂക്കരവഴി പമ്പാനദിയിലെത്തിയാണ് ആറന്മുളയ്ക്ക് എത്തുന്നത്.

2004ല്‍ തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ജലോത്സവത്തില്‍ ഒന്നാംസ്ഥാനവും 2006ല്‍ ഇറപ്പുഴ ജലോത്സവത്തില്‍ ഒന്നാംസ്ഥാനവും 2006ലെ മാലക്കര ജലോത്സവത്തില്‍ രണ്ടാംസ്ഥാനവും 2006ല്‍ ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്.
വെണ്‍പാല 1341-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയോടം.


                                                        പുന്നംതോട്ടം പള്ളിയോടം 

പുന്നംതോട്ടം ഭഗവതിയുടെ അനുഗ്രഹവുമായി...തിരുവാറന്മുള പാര്‍ഥസാരഥിയുടെ സഹോദരീ സങ്കല്പത്തിലുള്ള പുന്നംതോട്ടം ഭഗവതിയുടെ അനുഗ്രഹമായാണ് കരക്കാര്‍ പള്ളിയോടത്തെ കാണുന്നത്.ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പഴയ പള്ളിയോടം മട്ടാഞ്ചേരി ഹെറിറ്റേജ് മ്യൂസിയത്തിന് കൈമാറിയതിനെതുടര്‍ന്ന് 2007ല്‍ നിര്‍മിച്ച പുതിയ പള്ളിയോടമാണ് ഇപ്പോഴുള്ളത്. 17 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പള്ളിയോടം ചങ്ങംകരി വേണു ആചാരിയും സംഘവുമാണ് നിര്‍മിച്ചത്.

കാറ്റ്മറയിലും അമരത്തിലുമുള്ള കൊത്തുപണികള്‍ പള്ളിയോടത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. നാല്പത്തിയെട്ടേകാല്‍ കോല്‍ നീളവും 66 അംഗുലം ഉടമയും 20 അടി അമരപ്പൊക്കവുമുള്ള എ ബാച്ച് പള്ളിയോടത്തില്‍ നിലയാളുകള്‍ ഉള്‍പ്പെടെ 135 പേര്‍ക്ക് കയറാം.


                                                      തെക്കേമുറി പള്ളിയോടം

തിരുവാറന്മുളയപ്പന്റെ ഗോപുരം കാക്കുന്ന മലകളിലൊന്നിന്റെ നാടാണ് തെക്കേമുറി. തെക്കേഗോപുരത്തിന്റെ കാവല്‍മലയായ അരങ്ങോട്ട്മല എന്ന നാട്.ആറന്മുളക്ഷേത്രവുമായി ആചാരപരമായി അടുത്ത ബന്ധമുള്ള നാട്ടിലെ പള്ളിയോടത്തിന് ഉത്രട്ടാതി ജലമേളയിലും പവിത്രസ്ഥാനമാണുള്ളത്.

പൂരാടം നാളിലെ നെല്ലളവ്‌കൊണ്ട് പ്രസിദ്ധമായ കണ്ണങ്ങാട്ട് മഠത്തിന്റെ നാടെന്ന പ്രത്യേകതയും തെക്കേമുറിക്കുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് പള്ളിയോടമുണ്ടായിരുന്ന കരക്കാര്‍ക്ക് ഇടക്കാലത്ത് വര്‍ഷങ്ങളോളം തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാന്‍ കഴിയാതെ വന്നു. നാട്ടുകാരുടെ ആഗ്രഹവും ആവേശവും പ്രാര്‍ഥനയും നിറവേറ്റി 2006ല്‍ നെടുമ്പ്രയാറ്റില്‍ നിന്ന പള്ളിയോടം വിലയ്ക്കുവാങ്ങി ആറന്മുള പള്ളിയോടത്തറവാട്ടിലേക്ക് മടങ്ങിവന്നു.

2011ല്‍ ഈ പള്ളിയോടം ചിറയിറമ്പ് കരക്കാര്‍ക്ക് കൈമാറിയശേഷം പുതിയ പള്ളിയോടം ചങ്ങംകരി വേണു ആചാരിയുടെ ശില്പചാരുതയില്‍ പൂര്‍ത്തീകരിച്ച് നീരണിയിച്ചു. നൂറ്റിപ്പതിമൂന്നേകാല്‍ അടി നീളവും 66 അംഗുലം ഉടമയും. 18.5 അടി അമരപ്പൊക്കവുമുള്ള എ ബാച്ച് പള്ളിയോടമാണ് തെക്കേമുറി.

                                                      മുണ്ടന്‍കാവ് പള്ളിയോടം

ശബരിമല അയ്യപ്പന്റെ താന്ത്രികസ്ഥാനംകൊണ്ട് തേജസ് നിറഞ്ഞ കരയാണ് മുണ്ടന്‍കാവ്. താന്ത്രികവിദ്യകളുടെ തറവാടായ താഴമണ്‍ മഠത്തിന്റെ അനുഗ്രഹംകൊണ്ട് പൂര്‍ണതയിലെത്തിയതാണ് ഈ കരയുടെ പള്ളിയോടം.ആചാരാനുഷ്ഠാന പ്രാധാന്യത്തോടെ ഒരു നൂറ്റാണ്ടിന്റെ ദര്‍ശനസുകൃതവുമായാണ് മുണ്ടന്‍കാവ് പള്ളിയോടം ആറന്മുളയിലെത്തുന്നത്. 1958ല്‍ അയിരൂരില്‍നിന്ന് വാങ്ങിയ പള്ളിയോടം 1986, 92, 2000 വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിച്ചു. നാടിന്റെ വിശ്വാസവും ഐക്യവും വെളിവാക്കി വഞ്ചിപ്പാട്ട്പാടി തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടത്തിന്റെ പ്രകടനം കാഴ്ചക്കാരില്‍ ഏറെ മതിപ്പുളവാക്കുന്നതാണ്.

മികച്ചരീതിയില്‍ പാടിക്കളിക്കുകയും പാരമ്പര്യത്തനിമ കൈവിടാതെ ഉത്രട്ടാതി ജലമേളയില്‍ പള്ളിയോടം പങ്കെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ കരക്കാര്‍ കാട്ടുന്ന ആത്മാര്‍ഥത ശ്രദ്ധേയമാണ്.നാല്പത്തിനാലേകാല്‍ കോല്‍ നീളവും അറുപത്തിയഞ്ച് അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള എ ബാച്ച് പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം 1725-ാം നമ്പര്‍ മുണ്ടന്‍കാവ് എന്‍.എസ്.എസ്. കരയോഗത്തിനാണ്. 88 പേര്‍ തുഴയെറിയുന്ന പള്ളിയോടത്തില്‍ നിലയാളുകളുള്‍പ്പെടെ 100 പേര്‍ക്ക് കയറാം.

                                                         മേലുകര പള്ളിയോടം

വിജയപാരമ്പര്യത്തിന്റെ തിളക്കവുമായി മേലുകര കഴിഞ്ഞ വര്‍ഷം നീരണിയിച്ച പള്ളിയോടവുമായാണ് മേലുകര ഇക്കുറി പാര്‍ഥസാരഥിയെ വണങ്ങാന്‍ എത്തുന്നത്.റാന്നി മുണ്ടപ്പുഴ തച്ചന്‍മാര്‍ നിര്‍മ്മിച്ച തലയെടുപ്പും പടിഞ്ഞാറന്‍ ചുണ്ടന്‍വള്ളങ്ങളുടെ വേഗവും ആവാഹിച്ചിരുന്ന പഴയ പള്ളിയോടം വരയന്നൂര്‍ കരക്ക് കൈമാറിയശേഷമാണ് പുതിയ പള്ളിയോടം നിര്‍മ്മിച്ചത്. 

28 ലക്ഷം രൂപാ മുടക്കി നിര്‍മ്മിച്ച എ ബാച്ച് പള്ളിയോടമായ മേലുകരക്ക് നാല്‍പ്പത്തിയേഴേകാല്‍ കോല്‍ നീളവും 68 അംഗുലം ഉടമയും 19.5 അടി അമരപ്പൊക്കവുമുണ്ട്. നിലയാളുകള്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് കയറാം. 

മല്‍സര വള്ളംകളിക്ക് തുടക്കം കുറിച്ച 1972 ല്‍ മന്നം ട്രോഫി സ്വന്തം കരയിലെത്തിച്ച മേലുകര 2000, 2004, 2006, 2007 വര്‍ഷങ്ങളിലും മന്നം ട്രോഫി നേടി. 2009 ല്‍ ആര്‍.ശങ്കര്‍ ട്രോഫിയും നേടിയ മേലുകര പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം മേലുകര പള്ളിയോട സാംസ്കാരിക സമിതിക്കാണ് .


                                                       വരയന്നൂര്‍ പള്ളിയോടം

പള്ളിയോടത്തിന്റെ നാടുണരുന്നു യുവത്വത്തിന്റെ കരുത്തുമായി വരയന്നൂര്‍ പൂവത്തൂര്‍ മഹാദേവ ക്ഷേത്രക്കടവില്‍ നിന്ന് പാര്‍ഥസാരഥിക്ഷേത്രക്കടവിലേക്ക് ഉള്ള ദൂരം വിളിപ്പാടകലെ മാത്രമാണ്. കഴിഞ്ഞ വര്‍ഷമാണ് വരയന്നൂര്‍ കരയ്ക്ക് പുതിയ പള്ളിയോടമുണ്ടായത്.ഒരിക്കല്‍ പൂവത്തൂരിന്റെ ഭാഗമായിരുന്ന വരയന്നൂര്‍ മേലുകരയില്‍ നിന്നാണ് പള്ളിയോടം വാങ്ങിയത്.

19 ലക്ഷം രൂപാ മുടക്കി ഇക്കുറി പള്ളിയോടം പുതുക്കി പണിതു. ലക്ഷണമൊത്ത പാരമ്പര്യശൈലിയില്‍ നിര്‍മ്മിച്ച പള്ളിയോടം മേലുകരക്കാരെ നിരവധി തവണ പ്രശസ്തിയിലെത്തിച്ചു. വരയന്നൂര്‍ ശ്രീകൃഷ്ണവിലാസം കരയോഗത്തിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായ പള്ളിയോടത്തിന്റെ ഉടമസ്ഥത പള്ളിയോടസേവാസമതിക്കുമുണ്ട്. 

                                                         മാരാമണ്‍ പള്ളിയോടം

മണ്ണ് നല്‍കി നേടിയ അനുഗ്രഹത്തിന്റെ തേജസ്സില്‍ മാരാമണ്‍ തിരുവാറന്മുളയപ്പന് ക്ഷേത്രം നിര്‍മ്മിക്കാന്‍ മണ്ണ് നല്‍കിയ കരയാണ് മാരാമണ്‍ എന്നാണ് ഐതിഹ്യം. ഇതുകൊണ്ടുതന്നെ ഭഗവാനുമായി അടുത്ത ബന്ധമെന്ന അഭിമാനവും കരയ്ക്കുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിനായി മണ്ണെടുത്തതുകൊണ്ടുണ്ടായ ഒറ്റക്കുഴി ഇപ്പോഴും മാരാമണ്ണിലുണ്ട്. മണ്ണ് നല്‍കിയതില്‍ സന്തുഷ്ടരായ ഭഗവാന്റെ ഭൂതഗണങ്ങള്‍ ഈ നാട്ടിലെ മണ്ണ് ഒരിക്കലും നശിക്കില്ലെന്ന് അനുഗ്രഹിച്ചതിനാലാണ് കരയ്ക്ക് മാരാമണ്‍ എന്ന പേര് വീണതെന്ന് ഐതിഹ്യം. 

ആറന്മുള ക്ഷേത്രത്തിലെ നെല്ലളവ് നടത്തിയിരുന്ന പാലക്കാട് മഠം നിലനിന്നതും മാരാമണ്ണിലാണ്. 1982, 88 വര്‍ഷങ്ങളില്‍ മന്നം ട്രോഫിക്കും 1977, 78, 79, 83, 96 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും നേടി പള്ളിയോടം പോരാട്ടവീര്യം തെളിയിച്ചിട്ടുണ്ട്. ചങ്ങംകരി വേണു ആചാരികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷം പള്ളിയോടം പുതുക്കിപ്പണിതു.112 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന എ ബാച്ച് പള്ളിയോടമായ മാരാമണ്ണിന്റെ ഉടമസ്ഥാവകാശം മാരാമണ്‍ 374-ാം നമ്പര്‍ കരയോഗത്തിനാണ്. നാല്‍പ്പത്തിയാറേകാല്‍ കോല്‍ നീളവും 67 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ 100പേര്‍ നയമ്പ് നീക്കും. 

                                                 ഇടശ്ശേരിമല കിഴക്ക് പള്ളിയോടം

നാരായണസ്തുതി നിറഞ്ഞ് ഇടശ്ശേരിമല കിഴക്ക് ഭഗവാന്‍ പാര്‍ഥസാരഥിയുടെ ചാരത്തായി നാരായണസ്തുതി കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കരയാണ് ഇടശ്ശേരിമല കിഴക്ക്. പാര്‍ഥസാരഥി നടയില്‍ മുഴങ്ങുന്ന മണിയൊച്ച കേട്ട് ധന്യമാക്കുന്ന നാട്. ആറന്മുള കണ്ണാടിയുടെ പേരില്‍ ആറന്മുളയ്ക്ക് വിശ്വപ്രശസ്തി നല്‍കിയതില്‍ മുഖ്യപങ്ക് വഹിച്ചതും ഈ കരതന്നെയാണ്. 

തിരുവാറന്മുളയപ്പന് ഏറ്റവും അടുത്തായി പള്ളിയോടപ്പുരകളുള്ള കരകളാണ് ഇടശ്ശേരിമലയും ഇടശ്ശേരിമല കിഴക്കും. രണ്ട് കരകള്‍ക്കുമായി നേരത്തെ ഒരു പള്ളിയോടം മാത്രമാണ് ഉണ്ടായിരുന്നത്. മികച്ച പ്രകടനത്തിനടക്കം നിരവധി ട്രോഫികള്‍ നേടിയ പള്ളിയോടം ജലമേളയിലെ സജീവ സാന്നിധ്യമാണ്. ചങ്ങംകരി വേണു ആചാരി നിര്‍മ്മിച്ച് 2004ല്‍ നീരണിഞ്ഞ എ ബാച്ച് പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം ശ്രീപാര്‍ഥസാരഥി പള്ളിയോടസേവാസമിതിക്കാണ്. 

നാല്‍പ്പത്തിയാറേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ 85 പേര്‍ക്ക് തുഴയെറിയാം. 


                                                         ഓതറ പള്ളിയോടം

പടയണിയുടെ നാട്ടില്‍നിന്ന് ഓതറ പടയണിയുടെ നാട്ടില്‍നിന്ന് ആചാരപ്പെരുമയുമായി ആറന്മുളയിലെത്തുന്ന പള്ളിയോടമാണ് ഓതറ.ആറന്മുളജലമേളയുടെ തുടക്കംമുതല്‍ പള്ളിയോടമുണ്ടായിരുന്ന ഓതറ ആറന്മുളയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. പഴയ പള്ളിയോടം കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് ഏഴ് പതിറ്റാണ്ടോളം പള്ളിയോടമില്ലാതിരുന്ന ഓതറ 2005ല്‍ കീഴ്‌വന്‍മഴിയില്‍ നിന്ന് എ ബാച്ച് പള്ളിയോടം വിലയ്ക്കുവാങ്ങി. കോഴിമുക്ക് ഉമാമഹേശ്വരനാചാരി പുനര്‍നിര്‍മിച്ചതാണ് നിലവിലുള്ള പള്ളിയോടം.

ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പള്ളിയോടം പുതുക്കുളങ്ങര, ചേന്നമംഗലം, പഴയകാവ്, കുന്നേകാട് ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയാണ് ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഓതറ പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന് നാല്പത്തിയഞ്ചേകാല്‍ കോല്‍ നീളവും 17 അടി അമരപ്പൊക്കവും 63 അംഗുലം ഉടമയുമുണ്ട്.


                                                 പൂവത്തൂര്‍ കിഴക്ക് പള്ളിയോടം 

മഹാദേവനും ഭഗവതിക്കും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് പൂവത്തൂര്‍ കിഴക്ക് മഹാദേവനും ഭഗവതിയും നല്‍കിയ തേജസില്‍ പ്രഭചൊരിയുന്ന പള്ളിയോടമാണ് പൂവത്തൂര്‍ കിഴക്ക്.മഹാദേവനും കവലയില്‍ ഭഗവതിക്കും നേര്‍ച്ചകാഴ്ചകളും പൂജകളും പൂര്‍ത്തിയാക്കിയാണ് പള്ളിയോടത്തിന്റെ ആറന്മുളയ്ക്കുള്ള യാത്ര. ഭഗവാന്റെ നോട്ടമെത്തുന്ന മറുകരയില്‍ രണ്ട് പള്ളിയോടങ്ങളെ ഇറക്കാന്‍ കഴിഞ്ഞതിന്റെ സുകൃതത്തിലാണ് കര ഇപ്പോള്‍.ഭഗവാന്റെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാന്‍ പള്ളിയോടം വേണമെന്ന കരക്കാരുടെ ആഗ്രഹം സഫലമാക്കി 1867ല്‍ കൊടപ്പുന്നയില്‍ നിന്നുവാങ്ങിയ പള്ളിയോടത്തിന് പള്ളിയോടങ്ങളുടെ മുത്തച്ഛനെന്ന വിശേഷണവുമുണ്ട്.

ആറന്മുളക്ഷേത്രവും പൂവത്തൂര്‍ ദേശവുമായുള്ള ബന്ധത്തിന് ഏറെ വായ്‌മൊഴികളുണ്ട്. പെരുമാള്‍ കുടുംബവും പാല്‍ക്കഞ്ഞിപ്പാറയും പടമണ്ണുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ദേവചൈതന്യം കുടികൊള്ളുന്ന പള്ളിയോടത്തില്‍ ആചാരത്തിനും ഭക്തിക്കും പ്രാധാന്യം കൊടുത്താണ് കരക്കാരെത്തുന്നത്.

577-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം കാലപ്പഴക്കത്തില്‍ ജീര്‍ണത ബാധിച്ചതിനെത്തുടര്‍ന്ന് 1955ലും 1974ലും, 1999ലും പുതുക്കിപ്പണിതു. പൂവത്തൂര്‍ കിഴക്ക് പള്ളിയോടത്തില്‍ പന്നിപ്രയാര്‍ മഹാദേവന്റെയും കവലയില്‍ ഭഗവതിയുടെയും പുതിയകാവ് ഭഗവതിയുടെയും അനുഗ്രഹം ഉണ്ടെന്ന വിശ്വാസത്തില്‍ ഈ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയശേഷമാണ് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുന്നത്.

ഉത്രട്ടാതി ജലമേളയിലും മാലക്കര, അയിരൂര്‍ ജലോത്സവങ്ങളിലും പങ്കെടുത്ത് നിരവധിതവണ വിജയിച്ചിട്ടുണ്ട് പള്ളിയോടം. നാല്പത്തിരണ്ടേകാല്‍ കോല്‍ നീളവും അറുപത്തിനാല് അംഗുലം ഉടമയും പതിനെട്ടടി അമരപ്പൊക്കവുമുണ്ട്. 105 പേര്‍ തുഴയെറിയാം.


                                                          ആറാട്ടുപുഴ പള്ളിയോടം

പാരമ്പര്യത്തിന്റെ മികവില്‍ ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടമാണ് ആറാട്ടുപുഴ.അനുഷ്ഠാനത്തിനും പാരമ്പര്യത്തിനും കേള്‍വികേട്ട പള്ളിയോടം അലങ്കാരമികവിലും ഏറെ മുന്നിലാണ്. 1985ല്‍ കീഴുകര നിന്ന് വാങ്ങിയ പള്ളിയോടം 2003 മുതല്‍ നാലുതവണ പുതുക്കിപ്പണിതു. 2009ല്‍ നന്നായി പാടിത്തുഴഞ്ഞതിന് ഉത്രട്ടാതി ജലമേളയില്‍ ട്രോഫി നേടി.

ആറന്മുളയ്ക്കു പുറമെ എറണാകുളം, ഇറപ്പുഴ, ചതയം ജലോത്സവങ്ങളിലും ആറാട്ടുപുഴയുടെ സജീവസാന്നിധ്യമുണ്ട്. ആറാട്ടുപുഴ പള്ളിയോടസേവാസമിതിയുടെ ഉടമസ്ഥതയിലുള്ള ബി ബാച്ച് പള്ളിയോടത്തിന് 27.25 മീറ്റര്‍ നീളവും 1.89 മീറ്റര്‍ ഉടമയും 14 അടി അമരപ്പൊക്കവുമുണ്ട്.


                                             കിഴക്കനോതറ കുന്നേകാട് പള്ളിയോടം

ഭക്തിയുടെ കരുത്തില്‍ കിഴക്കനോതറ കുന്നേകാട് തിരുവാറന്മുളയപ്പന്റെ പള്ളിയോട കുടുംബത്തിലേക്ക് രണ്ട് വര്‍ഷംമുമ്പ് തുഴയെറിഞ്ഞെത്തിയ പള്ളിയോടമാണ് കിഴക്കനോതറ കുന്നേകാട്.ഓതറകരയിലെ മൂന്നാമത് പള്ളിയോടവുമാണ് കിഴക്കനോതറ കുന്നേകാട്. കിഴക്കനോതറ 568-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം 2011ല്‍ ചങ്ങംകരി വേണുആചാരിയുടെ നേതൃത്വത്തില്‍ 27 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയതാണ്. നാല്പത്തിയാറേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ള എ ബാച്ച് പള്ളിയോടത്തില്‍ നിലയാളുകള്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് കയറാം.

2012ല്‍ നന്നായി പാടിത്തുഴഞ്ഞ പള്ളിയോട ഗ്രൂപ്പിനുള്ള സമ്മാനംനേടിയ ഓതറ കുന്നേകാട് പള്ളിയോടം ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി കുന്നേകാട് ധര്‍മശാസ്താക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷമാണ് പാര്‍ഥസാരഥി സന്നിധിയിലേക്ക് പുറപ്പെടുന്നത്.

                                                    
                                                  മല്ലപ്പുഴശ്ശേരി പള്ളിയോടം

ആറന്മുളയുടെ അകംചേരികളില്‍ പ്രധാനിയായി മല്ലപ്പുഴശ്ശേരി പരശുരാമന്‍ സ്ഥാപിച്ച പുരാതനമായ 64 ബ്രാഹ്മണഗ്രാമങ്ങളില്‍ ഒന്നാണ് ആറന്മുള എന്ന് ഐതിഹ്യമുണ്ട്.പാട്ട് സാഹിത്യകൃതിയായ തിരുനിഴല്‍മാലയില്‍ നാല് അകംചേരികളും ആറ് പുരംചേരികളുമുള്ള ആറന്മുളയെപ്പറ്റി പറയുന്നത് പദ്മാകൃതിയിലുള്ള ഗ്രാമമെന്നാണ്. ഇവിടത്തെ അകംചേരികളിലൊന്നാണ് മല്ലപ്പുഴശ്ശേരി.

ഉത്രട്ടാതി വള്ളംകളിയുടെ ആരംഭംമുതല്‍ മല്ലപ്പുഴശ്ശേരിയുടെ ചരിത്രവും ആരംഭിക്കുന്നു. തിരുവാറന്മുളയപ്പന്റെ അത്യന്തസാമീപ്യമാണ് മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന്റെ മുഖ്യസവിശേഷത. ഭഗവാന്റെ ആറാട്ടുകണ്ട് തൊഴാനും ആ തീര്‍ഥജലത്തെ സ്പര്‍ശിച്ച് കിടക്കാനും ഭാഗ്യമുള്ള പള്ളിയോടം കൂടിയാണ് മല്ലപ്പുഴശ്ശേരി.അഭീഷ്ടകാര്യ സിദ്ധിക്കായി തിരുവാറന്മുളയപ്പന്റെ ഭക്തന്മാര്‍ കാലാകാലങ്ങളായി വഴിപാടായി സമര്‍പ്പിച്ച 22ല്‍പരം സ്വര്‍ണ കുമിളകള്‍ പള്ളിയോടത്തിന്റെ അമരച്ചാര്‍ത്തിനെ ചേതോഹരമാക്കുന്നു. അതുകൊണ്ടുതന്നെ ഈ പള്ളിയോടം തിരുവാറന്മുളയപ്പന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളമെന്ന് പ്രസിദ്ധിനേടി.

ഏറ്റവുംകൂടുതല്‍ വള്ളസദ്യയില്‍ പങ്കെടുക്കുന്ന പള്ളിയോടം എന്ന ഖ്യാതിയും മല്ലപ്പുഴശ്ശേരിക്കുണ്ട്. 1939ല്‍ നിര്‍മിച്ച പഴയ പള്ളിയോടം ജീര്‍ണിച്ചതിനെ തുടര്‍ന്ന് 1974ല്‍ പുതുക്കി നിര്‍മിച്ചതാണ് നിലവിലെ പള്ളിയോടം. 2008ല്‍ അമരം ഒഴികെയുള്ള ഭാഗങ്ങള്‍ പത്തുലക്ഷം രൂപ ചെലവില്‍ ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിതു.1974, 2008, 2009 വര്‍ഷങ്ങളില്‍ മന്നം ട്രോഫി നേടിയിട്ടുള്ള പള്ളിയോടം, ആലപ്പുഴ നെഹ്‌റുട്രോഫി, കൊച്ചിയിലെ ഇന്ദിരാഗാന്ധി ജലോത്സവം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. മല്ലപ്പുഴശ്ശേരി ശ്രീ പാര്‍ഥസാരഥി കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന്റെ ക്യാപ്റ്റന്‍ ടി.പി.ഗോപകുമാറും, ആര്‍.ശ്രീകുമാര്‍, കെ.അപ്പുക്കുട്ടന്‍നായര്‍ എന്നിവര്‍ പ്രതിനിധികളുമാണ്. നാല്പത്തിയഞ്ച് കോല്‍ 16 അംഗുലം നീളവും 68 അംഗുലം ഉടമയും 18.5 അടി അമരപ്പൊക്കവുമുണ്ട്.


                                                         മംഗലം പള്ളിയോടം

പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ മംഗലം ഉത്രട്ടാതി ജലമേളയില്‍ ഒട്ടേറെത്തവണ ട്രോഫി നേടിയ പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള പള്ളിയോടമാണ് മംഗലം. കുട്ടനാട്ടിലെ പായിപ്പാട്ടുനിന്ന് 1959-ല്‍ മംഗലത്തിലെ നായര്‍കുടുംബാംഗങ്ങള്‍ വാങ്ങി അറ്റകുറ്റപ്പണി നടത്തിയാണ് കരയ്ക്ക് ആറന്മുള പള്ളിയോടം യാഥാര്‍ഥ്യമാക്കിയത്. 2003-ല്‍ 12 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പള്ളിയോടം നിര്‍മ്മിച്ചതിന്റെ ശില്പി ചങ്ങംകരി വേണു ആചാരിയാണ്. 

573-ാം നമ്പര്‍ മംഗലം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ബി ബാച്ച് പള്ളിയോടമായ മംഗലം 1992, 93, 95, 97, 98, 2006 വര്‍ഷങ്ങളില്‍ മന്നംട്രോഫിയും 2000-ല്‍ ആര്‍.ശങ്കര്‍ ട്രോഫിയും നേടി കരയുടെ കരുത്തുതെളിയിച്ചിട്ടുണ്ട്. 

മാലക്കര, ഇറപ്പുഴ, തിരുവന്‍വണ്ടൂര്‍, എറണാകുളം, കൊല്ലം ജലോത്സവങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ബി ബാച്ച് പള്ളിയോടമായ മംഗലം. കുറ്റിയില്‍ പുതുക്കുളങ്ങര ഭഗവതിയുടെയും ചേന്നമംഗലം മഹാദേവന്റെയും അനുഗ്രഹംതേടി ആറന്മുളയ്ക്ക് പുറപ്പെടുന്ന പള്ളിയോടത്തിന് നാല്‍പ്പത്തിനാലേകാല്‍ കോല്‍ നീളവും 60 അംഗുലം ഉടമയും 17.5 അടി അമരപ്പൊക്കവുമുണ്ട്. 


                                           കോറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടം

പുത്തന്‍ പള്ളിയോടത്തില്‍ യാത്രയ്‌ക്കൊരുങ്ങി കോറ്റാത്തൂര്‍ കൈതക്കോടി പാര്‍ഥസാരഥിക്ക് പ്രിയതരമായ ഓടക്കുഴലും ആലിലയും അമരം മുതല്‍ കൂമ്പുവരെ പണിത് ഒരുക്കി പുതിയ പള്ളിയോടത്തില്‍ യാത്രയ്‌ക്കൊരുങ്ങുകയാണ് കൊറ്റാത്തൂര്‍ കൈതക്കോടി കരക്കാര്‍.

ഒരു കരയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണംകൂടിയാണ് ഈ കരയുടെ പള്ളിയോടം. പുല്ലാട് പഴയകാവ് ദേവീക്ഷേത്രത്തിലെത്തിയ കൊടുങ്ങല്ലൂര്‍ ഭഗവതി നെല്‍പ്പാടവും നദിയുമുള്ള കര തിരക്കുകയും കൈതക്കാട് നിറഞ്ഞ കോറ്റാത്തൂരില്‍ ഭഗവതി എത്തിയെന്നുമാണ് ഐതിഹ്യം. ഈ സാന്നിധ്യമാണ് കരക്കാര്‍ക്ക് അനുഗ്രഹംചൊരിഞ്ഞ് അയിരൂര്‍ പുതിയകാവിലമ്മയായി കരയിലുള്ളതെന്നും ഐതിഹ്യമുണ്ട്. കൈതക്കാട് ലോപിച്ച് കൈതക്കോടിയായി മാറിയ ഇവിടെ പുതിയകാവിലമ്മയുടെ പടിഞ്ഞാറെ നടയില്‍ പള്ളിയോടം തേജസ് നിറയ്ക്കുന്നു. 

പഴയ പള്ളിയോടം ജീര്‍ണിച്ചതിനെത്തുടര്‍ന്ന് 1978-ല്‍ കൊടപ്പുന്നയില്‍നിന്ന് വാങ്ങിയ പള്ളിയോടം, 1979-ല്‍ മന്നംട്രോഫി നേടി തങ്ങളുടെ വരവറിയിച്ചു. 1981, 82, 83 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഹാട്രിക് നേടിയ പള്ളിയോടം, ഇതുവരെ 14 പ്രാവശ്യം മന്നംട്രോഫി നേടിയ ഏക പള്ളിയോടം എന്ന അപൂര്‍വ്വഭാഗ്യവും നേടിയിട്ടുണ്ട്. ഈ പള്ളിയോടത്തിന്റെ പകരംവയ്ക്കാനാകാത്ത മത്സരചരിത്രം ഉത്രട്ടാതി ജലമേളയിലെ മത്സര വള്ളംകളിയുടെ മാറ്റ് കൂട്ടാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. 

അയിരൂര്‍ ചെല്ലപ്പനാചാരിയും മകന്‍ സതീഷ്‌കുമാറും ചേര്‍ന്ന് കരയുടെ ആഗ്രഹം പൂര്‍ത്തീകരിച്ച ബി ബാച്ച് പള്ളിയോടത്തിന് നാല്‍പ്പത്തിയൊന്നേകാല്‍ കോല്‍ നീളവും 16 അടി അമരപ്പൊക്കവും 60 അംഗുലം ഉടമയുമുണ്ട്. 80 കരക്കാര്‍ തുഴയെറിയാം.


                                                പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടം 

പള്ളിയോട കീര്‍ത്തി ദേശീയതലത്തിലെത്തിച്ച് പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടങ്ങളുടെ കീര്‍ത്തി ദേശീയതലത്തിലേക്ക് എത്തിച്ചതിന് പ്രധാന പങ്കുവഹിച്ച കരയാണ് പൂവത്തൂര്‍ പടിഞ്ഞാറ്.പാര്‍ഥസാരഥിയുടെ പള്ളിയോടം ഭോപ്പാല്‍ നാഷണല്‍ മ്യൂസിയത്തില്‍ വിസ്മയക്കാഴ്ചയാണ്. കാഴ്ച കണ്ടിറങ്ങുന്ന വിദേശീയര്‍ക്കും പരിചിതമാകുന്ന കരനാമമാണ് പൂവത്തൂര്‍ പടിഞ്ഞാറ്. 22 വര്‍ഷം മുമ്പ് ദേശീയ മ്യൂസിയം അധികൃതര്‍ ഈ കരയുടെ പള്ളിയോടം ഏറ്റെടുത്ത് ഭോപ്പാലിലേക്ക് കൊണ്ടുപോകുംവരെ ഉത്രട്ടാതി ജലമേളയില്‍ കരയെ പ്രതിനിധീകരിച്ചിരുന്നത് ഈ പള്ളിയോടമാണ്.

തങ്കംപൂശിയ അമരച്ചാര്‍ത്തും വര്‍ണാഭമായ പൊന്നക്കൊടിയും പള്ളിയോടത്തിന്റെ പ്രത്യേകതയാണ്. പരമ്പരാഗത ശൈലിയിലധിഷ്ഠിതമായ തുഴച്ചിലിനും വഞ്ചിപ്പാട്ടിനും മാതൃക കാട്ടുന്ന പൂവ്വത്തൂര്‍ പടിഞ്ഞാറ് മത്സര വള്ളംകളിയില്‍ 1996ല്‍ മന്നം ട്രോഫിയും 1997ല്‍ രണ്ടാംസ്ഥാനവും നേടിയിരുന്നു.

പൂവത്തൂര്‍ 571-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയില്‍ 1991ല്‍ നീരണിഞ്ഞ പള്ളിയോടമാണ് ഇക്കുറിയും തിരുവാറന്മുളയപ്പനെ വണങ്ങാന്‍ എത്തുന്നത്. നാല്പത്തിയാറുകോല്‍ നീളവും 64 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ തുഴച്ചില്‍ക്കാരും നിലയാളുകളുമുള്‍പ്പെടെ 94 പേര്‍ക്ക് കയറാം. 


                                                ളാക-ഇടയാറന്മുള പള്ളിയോടം 

ആറന്മുള വള്ളംകളിയുടെ തുടക്കം മുതല്‍ പങ്കെടുത്തിട്ടുള്ള പള്ളിയോടം പുന്നംതോട്ടത്തിന് കൈമാറിയശേഷം 2001ല്‍ ചങ്ങംകരി വേണുആചാരി നിര്‍മിച്ചതാണ് വലിപ്പംകൊണ്ടും രൂപഭംഗികൊണ്ടും മുന്‍പന്തിയിലുള്ള ഈ പള്ളിയോടം.വഞ്ചിപ്പാട്ടില്‍ അഗ്രഗണ്യനായിരുന്ന താമരശ്ശേരില്‍ വേലായുധന്‍പിള്ള, ചെറുവപ്പള്ളില്‍ വേലുപ്പിള്ള എന്നിവര്‍ പകര്‍ന്നുനല്‍കിയ ഈണത്തില്‍ താളമിടുന്ന കരക്കാര്‍ മികച്ച ചമയത്തിനും ചിട്ടയായ തുഴച്ചിലിനും നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

വിളക്കുമാടം കൊട്ടാരത്തിലും ളാത ദേവീക്ഷേത്രത്തിലും വഴിപാട് നടത്തി വാദ്യമേളഘോഷത്തോടെ ആറന്മുളയ്ക്ക് പുറപ്പെടുന്ന കര എന്ന ഖ്യാതിയും ഇവര്‍ക്കുണ്ട്. ളാക-ഇടയാറന്മുള പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടമായ ളാക-ഇടയാറന്മുള, നെഹ്‌റു ട്രോഫി, എറണാകുളം ജലോത്സവം, മാലക്കര ജലോത്സവം, എറപ്പുഴ ജലോത്സവം തുടങ്ങിയ ജലമേളകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ജലനിരപ്പില്‍നിന്ന് 18 അടി അമരപ്പൊക്കം ഈ പള്ളിയോടത്തിന്റെ പ്രത്യേകതയാണ്. 8 അടി അണിയമുള്ള പള്ളിയോടത്തിന് നാല്പത്തിയാറേമുക്കാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയുമുണ്ട്. നിലയാളുള്‍പ്പെടെ 110 പേര്‍ക്ക് പള്ളിയോടത്തില്‍ കയറാം. 


                                                        നെടുമ്പ്രയാര്‍.പള്ളിയോടം 

അകംചേരികളുടെ പുണ്യമായി നെടുമ്പ്രയാര്‍ പ്രളയകാലത്ത് പ്രതിബന്ധങ്ങളെ തരണംചെയ്ത് തിരുവാറന്മുളയപ്പന്റെ തിരുവോണത്തോണിക്ക് അകമ്പടി സേവിച്ച പള്ളിയോടമെന്ന് കഥയുള്ള കരയാണ് നെടുമ്പ്രയാര്‍.തിരുവാറന്മുളയുടെ ചരിത്രം രേഖപ്പെടുത്തുന്ന പാട്ടുസാഹിത്യകൃതിയായ തിരുനിഴല്‍ മാലയില്‍ പരാമര്‍ശിച്ചിട്ടുള്ള നാല് അകംചേരികളില്‍പ്പെടുന്ന ഗ്രാമമാണ് നെടുംപ്രയാര്‍ എന്നും ഐതിഹ്യമുണ്ട്. തിരുവോണത്തോണിക്ക് കാട്ടൂര്‍ മഠത്തില്‍നിന്ന് അകമ്പടി സേവിക്കാന്‍ ആദ്യം പള്ളിയോടം പണിതത് നെടുംപ്രയാര്‍ ആണെന്നും ഗ്രന്ഥങ്ങള്‍ പറയുന്നു.

അന്നുതൊട്ട് ഇന്നുവരെയും കരക്കാര്‍ അതേ ഭക്തിയിലും ആവേശത്തിലുമാണ് ഉത്രട്ടാതിനാളില്‍ ആറന്മുളയ്ക്ക് എത്തുക. ഉത്രട്ടാതിക്ക് മുമ്പ് ഒരുദിവസം നെടുമ്പ്രയാര്‍ കരയിലെ ക്ഷേത്രമായ തേവലശ്ശേരി ദേവീക്ഷേത്രത്തിന്റെ മൂലസ്ഥലമായ പനയന്നാര്‍ കാവിലമ്മയെ തൊഴുകയും ജലമേളദിവസം ഇവിടെ പൂജിച്ച മാലകള്‍ അമരത്ത് ചാര്‍ത്തുകയും ചെയ്യുന്നത് കരക്കാര്‍ ഒരിക്കലും മുടക്കിയിട്ടില്ല.

നൂറ്റാണ്ടിന്റെ പഴക്കമുള്ള നെടുംപ്രയാര്‍ പള്ളിയോടം 2006-ല്‍ തെക്കേമുറിക്ക് കൈമാറിയശേഷം അയിരൂര്‍ ചെല്ലപ്പനാചാരി പണിത് നീറ്റിലിറക്കിയതാണ് നിലവിലെ പള്ളിയോടം.

ഉത്രട്ടാതി ജലമേളയില്‍ മത്സരവള്ളംകളിക്ക് തുടക്കംകുറിച്ചകാലം പമ്പയുടെ നെട്ടായത്തിലെ നെടുമ്പ്രയാറിന്റെ കുതിപ്പ് പകരംവയ്ക്കാനാവാത്തതാണ്.ഒന്‍പതുതവണ മന്നം ട്രോഫിയില്‍ മുത്തമിട്ട പള്ളിയോടം നിരവധി തവണ രണ്ടാംസ്ഥാനം അടക്കം ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കൈനിറയെ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള നെടുമ്പ്രയാര്‍ ഉത്രട്ടാതിനാളില്‍ ആറന്മുളയിലേക്കുള്ള യാത്രയും ആ ദിവസം ഭഗവാന് മുമ്പിലെത്തി സ്തുതികള്‍ പാടുന്നതും ഭാഗ്യമായാണ് കരുതുന്നത്.

നെടുമ്പ്രയാര്‍ 1320-ാം നമ്പര്‍ ശ്രീലക്ഷ്മിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടത്തിന് നാല്‍പ്പത്തിയേഴേകാല്‍ കോല്‍ നീളവും 62 അംഗുലം ഉടമയും പതിനെട്ടേകാല്‍ കോല്‍ അമരപ്പൊക്കവുമുണ്ട്. നിലയാളുകള്‍ അടക്കം 110 പേര്‍ക്ക് കയറാം.


                                                    കോഴഞ്ചേരി പള്ളിയോടം 

സമുദായ വൈവിധ്യത്തിന്റെ പേരുപേറി കോഴഞ്ചേരി പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങളില്‍ മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട പള്ളിയോടമാണ് കോഴഞ്ചേരി.നാനാജാതി മതസ്ഥരായ വിശ്വാസികള്‍ പള്ളിയോടത്തിന്റെ അണിയം മുതല്‍ അമരംവരെ വഞ്ചിപ്പാട്ടിന്റെ താളലയത്തില്‍ തുഴഞ്ഞുനീങ്ങുന്ന കാഴ്ച മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന്റെ ഉദാഹരണം.

ഉത്രട്ടാതി ജലമേളയുടെ തുടക്കകാലത്ത് കരക്കാര്‍ തകഴി പച്ചയില്‍നിന്ന് വാങ്ങിയ ചുണ്ടന്‍, പള്ളിയോട മാതൃകയിലാക്കി തിരുവോണത്തിന് അകമ്പടി സേവിക്കാനും ജലമേളയില്‍ പങ്കെടുക്കാനും എത്തിയിരുന്നു. പള്ളിയോടം ജീര്‍ണിച്ചതിനെത്തുടര്‍ന്ന് പതിമൂന്നുവര്‍ഷം കരക്കാര്‍ക്ക് പള്ളിയോടത്തിലേറി തിരുവാറന്മുളയപ്പനെ ദര്‍ശിക്കാന്‍ കഴിയാതെവന്നു.

നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1986 ല്‍ കോഴിമുക്ക് നാരായണനാചാരിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നീറ്റിലിറക്കിയ പള്ളിയോടമാണ് നിലവില്‍ കരക്കുള്ളത്. 2005-ല്‍ മിത്രങ്കരി മുകുന്ദന്‍ ആചാരിയുടെ നേതൃത്വത്തില്‍ ഉടമകൂട്ടി പുതുക്കിപ്പണിതു.

1989-ല്‍ മന്നം ട്രോഫിയും 1995-ല്‍ തോഷിബാ ആനന്ദ് ട്രോഫിയും നേടിയ എ ബാച്ച് പള്ളിയോടമായ കോഴഞ്ചേരിയുടെ ഉടമസ്ഥാവകാശം ഹൈന്ദവസേവാ സമിതിക്കാണ്.

ആലപ്പുഴ നെഹ്‌റു ട്രോഫി, എറണാകുളം ജലോത്സവം, അമൃതാനന്ദമയിമഠം ജലോത്സവം, ഇറപ്പുഴ, മാലക്കര, അയിരൂര്‍ പുതിയകാവ് ജലോത്സവങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്.

നാല്‍പ്പത്തിനാലേകാല്‍ കോല്‍ നീളവും 66 അംഗുലം ഉടമയുമുള്ള പള്ളിയോടത്തിന്റെ അമരപ്പൊക്കം 15 അടിയാണ്. തുഴച്ചില്‍ക്കാരും നിലയാളുകളുമുള്‍പ്പെടെ 110 പേര്‍ക്ക് കയറാം.

                                                
                                                 തൈമറവുംകര പള്ളിയോടം 

ആചാരാനുഷ്ഠാനങ്ങളുടെ ആത്മവിശ്വാസത്തില്‍ തൈമറവുംകര ആചാരങ്ങളുംഅനുഷ്ഠാനങ്ങളും പാലിക്കുന്നതില്‍ തൈമറവുംകര എന്നും മുന്നിലാണ്. 1953 മുതല്‍ ആറന്മുളയുടെയും സമീപ പ്രദേശങ്ങളിലെ ജലോത്സവങ്ങളുടെയും തനിമകളില്‍ പങ്കുചേര്‍ന്ന് വിജയഭേരി മുഴക്കി സ്വീകരണങ്ങളും ട്രോഫികളും മഹാരാജാവില്‍ നിന്ന് പാരിതോഷികവും ഏറ്റുവാങ്ങിയിട്ടുള്ള പള്ളിയോടം മേപ്ര-തൈമറവുംകര പള്ളിയോടസമിതികളുടെ ഉടമസ്ഥതയിലാണ്. 
1953ല്‍ വിലക്കുവാങ്ങിയ പള്ളിയോടം പലതവണ പുതുക്കിപ്പണിതിട്ടുണ്ട്. പള്ളിയോടസമിതിയുടെ ശ്രമഫലമായാണ് 2007ല്‍ ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തില്‍ കുറ്റമറ്റതായി പുതുക്കിപ്പണിതശേഷം പിന്നീടുള്ള എല്ലാ ജലോത്സവങ്ങളിലും വള്ളസദ്യ വഴിപാടുകളിലും മുടക്കം കൂടാതെ പങ്കെടുക്കുന്നുണ്ട്. 
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കുപുറമെ ആലപ്പുഴനെഹ്‌റു ട്രോഫി എറണാകുളം, ഇറപ്പുഴ ജലോത്സവത്തിലും പള്ളിയോടം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.നാല്‍പത്തിയൊന്നേകാല്‍ കോല്‍ നീളവും 2 അംഗുലം ഉടമയും ആറുകോല്‍ അരപ്പൊക്കവുമാണ് ഈ ബി ബാച്ച് പള്ളിയോടത്തിന്.


                                                     പുതുക്കുളങ്ങര പള്ളിയോടം 

വലിയകോലത്തിന്റെ പുണ്യവുമായി പള്ളിയോടത്തിലേറി പുതുക്കുളങ്ങര ആയിരത്തിയൊന്ന് പാളയുടെ വലിയ കോലം കളത്തിലെത്തുന്ന കരയാണ് പുതുക്കുളങ്ങര. പുതുക്കുളങ്ങര ഭഗവതിക്കുമുമ്പില്‍ മീനത്തിരുവാതിരയ്‌ക്കെത്തുന്ന പന്തം കൊളുത്തിയ കോലത്തിനെന്നപോലെ ഭക്തിയും ആദരവുമാണ് കരയ്ക്ക് പാര്‍ത്ഥസാരഥിയോടും പള്ളിയോടത്തിനോടും. 

ഓതറക്കരയില്‍ നിന്ന് പള്ളിപ്പാട്ടുകാര്‍ വാങ്ങി പിന്നീട് ചെന്നിത്തലയിലെത്തിയ പള്ളിയോടം പുതുക്കുളങ്ങര ശ്രീദുര്‍ഗാ എന്‍.എസ്.എസ്. കരയോഗം വാങ്ങി വീണ്ടും കരയിലെത്തിച്ചു. കൈമാറിപ്പോയെന്നുകരുതിയ പൂര്‍വ്വികസമ്പത്ത് വീണ്ടും തിരികെക്കിട്ടിയ സന്തോഷത്തില്‍ പാര്‍ത്ഥസാരഥിയെ സ്തുതിക്കുകയാണ് കരക്കാര്‍ ഇപ്പോള്‍.

ബി.ബാച്ച് പള്ളിയോടമായ പുതുക്കുളങ്ങരയ്ക്ക് ആറര മീറ്റര്‍ അമരവും 30.5 മീറ്റര്‍ നീളവും 1.86 മീറ്റര്‍ ഉടമയുമുണ്ട്. 68 പേര്‍ക്ക് കയറാം. 


                                                        ഉമയാറ്റുകര പള്ളിയോടം 

പള്ളിയോട മുത്തച്ഛനായി ഉമയാറ്റുകര തിരുവാറന്മുളയപ്പന്റെ പള്ളിയോടങ്ങളില്‍ കാലപ്പഴക്കംകൊണ്ടും പ്രൗഢികൊണ്ടും എല്ലാവരും വണങ്ങുന്ന പള്ളിയോടമാണ് ഉമയാറ്റുകര.126വര്‍ഷത്തെ ചരിത്രമുള്ള പള്ളിയോടം പഴക്കമേറുംതോറും ഭഗവാന് പ്രിയപ്പെട്ടതാവുകയാണ്. പള്ളിയോടശില്പികളില്‍ ഉന്നത സ്ഥാനീയനായ റാന്നി മുണ്ടപ്പുഴ നാരായണന്‍ ആചാരിയാണ് ഇതിന്റെ ശില്പി.കര്‍ക്കടകവും ചിങ്ങവും എത്തുംമുമ്പേ ഉമയാറ്റുകരയുടെ ഒത്തൊരുമയും ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. തിരുവാറന്മുളയപ്പന്റെ അടുത്തേക്ക് പോകുമ്പോള്‍ സൗന്ദര്യം കുറയരുതെന്നും പള്ളിയോടത്തിന് കോട്ടം ഉണ്ടാകരുതെന്നും കരക്കാര്‍ക്ക് ഏറെ നിര്‍ബന്ധമുണ്ട്.ജാതിമതവ്യത്യാസമില്ലാതെ കരക്കാര്‍ ഒന്നായി അഞ്ച്‌ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മിച്ചാണ് പള്ളിയോടം ഇക്കുറി നീരണിയിച്ചത്. ഉമയാറ്റുകാവ്, അഴകിയകാവ് ഭഗവതിമാരെ തൊഴുത് ഉത്രട്ടാതി നാളില്‍ യാത്രതുടങ്ങുന്ന പള്ളിയോടം ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം ഭഗവാന്റെ അനുഗ്രഹമാണ് ലക്ഷ്യമിടുന്നത്.

ഉത്രട്ടാതി ജലമേളയില്‍ മത്സരത്തിന് തുടക്കംകുറിച്ച 1974ലും 1990ലും രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. ഉമയാറ്റുകര 2154-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടത്തിന്റെ നീളം 48 കോലാണ്. 63 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ 85 പേര്‍ക്ക് കയറാം.


                                                                  കാട്ടൂര്‍ പള്ളിയോടം 

തിരുവോണത്തോണിയുടെ നാട്ടില്‍നിന്ന് കാട്ടൂര്‍ തിരുവാറന്മുളയപ്പന്റെ സാന്നിധ്യംകൊണ്ട് പുണ്യംനിറഞ്ഞ കരയാണ് കാട്ടൂര്‍.തിരുവോണത്തോണിയുടെ നാടായ കാട്ടൂരിനെ പ്രതിനിധീകരിക്കുന്ന പള്ളിയോടത്തിന് ഉത്രട്ടാതി ജലമേളയിലെ സ്ഥാനം ഏറെ വലുതാണ്. ഭഗവാന് തിരുവോണ വിഭവങ്ങളുമായുള്ള തിരുവോണത്തോണിയുടെയും മങ്ങാട്ട് ഭട്ടതിരിയുടെയും യാത്രയാണ് ആറന്മുള വള്ളംകളിയുടെയും പള്ളിയോട നിര്‍മാണത്തിന്റെയും തുടക്കം.വെളുത്ത ചോറും കറുത്ത മുഖവുമായിരുന്നാല്‍ ഊണ് നന്നാവില്ല. മനോഗുണംകൊണ്ടുകൂടി ഊണ് നല്‍കിയതില്‍ സന്തോഷം എന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രഹ്മചാരിയുടെ വേഷത്തില്‍ മങ്ങാട്ട്ഇല്ലത്തെത്തിയ ഭഗവാന്‍ ഭട്ടതിരിയോട് പറഞ്ഞുവെന്ന് ഐതിഹ്യമുണ്ട്.

ഭട്ടതിരിയുടെ ആതിഥ്യമര്യാദയും ആചാരരീതികളും കരക്കാര്‍ ഇന്നും കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഉത്രാടംനാളിലെ സന്ധ്യയില്‍ കാട്ടൂരില്‍ നിന്നുള്ള ഭട്ടതിരിയുടെ യാത്രയ്‌ക്കൊപ്പം കരക്കാര്‍ പള്ളിയോടത്തില്‍ അകമ്പടി സേവിക്കും.

കാട്ടൂര്‍ 718-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നാമത്തെ പള്ളിയോടമാണ് നിലവിലുള്ളത്. രണ്ടാമത്തെ പള്ളിയോടം ജീര്‍ണാവസ്ഥയിലായതിനെത്തുടര്‍ന്ന് മൂന്നുപതിറ്റാണ്ട് കരയ്ക്ക് പള്ളിയോടം ഉണ്ടായിരുന്നില്ല. 1995ല്‍ ചങ്ങംകരി വേണുആചാരി നിര്‍മിച്ച് നീറ്റിലിറക്കിയതാണ് നിലവിലെ പള്ളിയോടം.46 കോല്‍ നീളവും 65 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള എ ബാച്ച് പള്ളിയോടത്തില്‍ 64 തുഴച്ചില്‍കാര്‍ ഉള്‍പ്പെടെ 80 പേര്‍ക്ക് കയറാം. 

 
തോട്ടപ്പുഴശ്ശേരി പള്ളിയോടം 


നൂറ്റാണ്ടിന്റെ പാരമ്പര്യത്തില്‍ തോട്ടപ്പുഴശ്ശേരി ഉത്രട്ടാതി ജലമേളയുടെ പഴക്കം അവകാശപ്പെടാവുന്ന ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളിയോടമാണ് തോട്ടപ്പുഴശ്ശേരി.

തിരുവാറന്മുളയപ്പന്റെ പൂണ്യസങ്കേതത്തിന്റെ നേരെ എതിര്‍കരയായ തോട്ടപ്പുഴശ്ശേരി ആ പുണ്യഭൂമിയിലേക്ക് നോക്കി നമസ്‌കരിച്ചാണ് ഓരോ ദിനരാത്രങ്ങളും നീക്കുന്നത്. ആറിനക്കരെയെങ്കിലും ഭഗവാന്റെ പാര്‍ശ്വസ്തനായത് പുണ്യമെന്ന് കരുതുകയാണ് കരക്കാര്‍. പള്ളിയോടത്തില്‍ ഭഗവാന്റെ ശ്രദ്ധയും നോട്ടവും എപ്പോഴും വേണമെന്ന കരനാഥന്മാരുടെ നിര്‍ബന്ധംമൂലമാണ് ക്ഷേത്രക്കടവിന് എതിര്‍വശത്തായി പള്ളിയോടപ്പുര നിര്‍മിച്ചിരിക്കുന്നത്.

പൂഴിക്കുന്ന് ദേവീക്ഷേത്രത്തിലും പാര്‍ഥസാരഥി ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ നടത്തിയശേഷമാണ് കരക്കാര്‍ പള്ളിയോടം നീരണിയിച്ചത്. വഞ്ചിപ്പാട്ടില്‍ വിദഗ്ദ്ധരായിരുന്ന മേലേല്‍ കൃഷ്ണപിള്ള, മുള്ളുവീട്ടില്‍ രാമന്‍പിള്ള എന്നിവരുടെ പാരമ്പര്യം കരയിലെ ഇളമുറക്കാര്‍ ഏറ്റെടുത്തതോടെ പള്ളിയോടം ജലോത്സവത്തില്‍ കാണികളുടെ ശ്രദ്ധ ഏറെ പിടിച്ചുപറ്റുന്നു.

വെള്ളണ്ടൂര്‍, തോട്ടപ്പുഴശ്ശേരി കരകള്‍ ചേര്‍ന്ന പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടം ഉത്രട്ടാതി ജലമേളയില്‍ 1979ല്‍ രണ്ടാംസ്ഥാനവും 2000-ല്‍ മന്നം ട്രോഫിയും നേടിയിട്ടുണ്ട്.

മൂന്നു വര്‍ഷംമുമ്പ് ഏഴ്‌ലക്ഷം രൂപ ചെലവഴിച്ച് ചങ്ങംകരി വേണുആചാരിയുടെ നേതൃത്വത്തില്‍ പുതുക്കി പണിത പള്ളിയോടം ഉത്രട്ടാതി ജലമേളയെ കൂടാതെ നെഹ്‌റു ട്രോഫി, എറണാകുളം, അമൃതാനന്ദമയി ജലോത്സവം, ഇറപ്പുഴ, മാലക്കര, അയിരൂര്‍ പുതിയകാവ് ജലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

30 മീറ്റര്‍ നീളവും 1.9 മീറ്റര്‍ അമരപ്പൊക്കവുമുള്ള ബി ബാച്ച് പള്ളിയോടത്തില്‍ 51 തുഴച്ചില്‍ക്കാര്‍ അടക്കം 64 പേര്‍ക്ക് കയറാം.


ഇടനാട് പള്ളിയോടം 


നാരായണനാമംപാടി ഇടനാട് ഉത്രട്ടാതി ജലമേളയുടെ തുടക്കംമുതല്‍ പള്ളിയോടമുണ്ടായിരുന്ന ഇടനാട്കരയ്ക്ക് പിന്നീട് പ്രയാറില്‍നിന്ന് വാങ്ങിയ പള്ളിയോടം ജീര്‍ണിച്ചശേഷം കാല്‍നൂറ്റാണ്ട് പള്ളിയോടമില്ലായിരുന്നു.

1996ല്‍ ചങ്ങംകരി തങ്കപ്പനാചാരിയും മകന്‍ വേണു ആചാരിയും ചേര്‍ന്ന് നിര്‍മിച്ച പള്ളിയോടമാണ് നിലവിലുള്ളത്. മാതാ അമൃതാന്ദമയി ജലോത്സവത്തില്‍ 1999ല്‍ ഒന്നാംസ്ഥാനം നേടിയ പള്ളിയോടം ഉത്രട്ടാതി ജലമേളയില മികച്ച ചമയത്തിനും വഞ്ചിപ്പാട്ടിനും ട്രോഫി നേടിയിട്ടുണ്ട്.

2003ല്‍ കൊച്ചി നേവല്‍ബേസില്‍നിന്ന് ലോകപര്യടനത്തിന് പുറപ്പെട്ട ഐ.എന്‍.എസ്. തരംഗിണിക്ക് കൊച്ചിയില്‍ നല്‍കിയ യാത്രയയപ്പ് ജലഘോഷയാത്ര, മാലക്കര, ഇറപ്പുഴ ജലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഇടനാട് 570-ാംന്‍ നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടം ഉത്രട്ടാതി നാളില്‍ അരക്തകണ്ഠന്‍കാവ് ശിവക്ഷേത്രത്തിലെത്തി വഴിപാടുകളും പൂജകളും നടത്തിയാണ് ആറന്മുളയ്ക്ക് യാത്ര പുറപ്പെടുന്നത്. നാല്പത്തിയാറേകാല്‍ കോല്‍ നീളവും 65 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ നൂറുപേര്‍ക്ക് കയറാം.


                                                           മാലക്കര പള്ളിയോടം 

ഭഗവാന്റെ സാന്നിധ്യംകൊണ്ട് പുണ്യം നേടിയ മാലക്കര പടിഞ്ഞാറോട്ട് ദര്‍ശനമുള്ള മഹാവിഷ്ണുവിന്റെ സാന്നിധ്യംകൊണ്ട് അപൂര്‍വ ഭാഗ്യം സിദ്ധിച്ച കരയാണ് മാലക്കര. ആറന്മുള ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന നാല് കരകളിലൊന്നാണ് മാലക്കര എന്നും ഐതിഹ്യമുണ്ട്. 1930കളില്‍ ഒരു വലിയ പള്ളിയോടവും ഒരു ചെറിയ പള്ളിയോടവും മാലക്കരയ്ക്ക് ഉണ്ടായിരുന്നു. കാലപ്പഴക്കത്തില്‍ ഇതില്‍ വലിയ പള്ളിയോടം ജീര്‍ണിച്ചുപോയി. ചെറിയ പള്ളിയോടം പള്ളിപ്പാട് കരയ്ക്ക് വില്‍ക്കുകയും ചെയ്തു. രണ്ട് പള്ളിയോടങ്ങളുണ്ടായിരുന്ന നാട്ടില്‍ പിന്നീട് നാലുപതിറ്റാണ്ടിനുശേഷമാണ് പുതിയ പള്ളിയോടം ഉണ്ടായത്. 

മാലക്കര തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തിയാണ് പള്ളിയോടം ആറന്മുളയ്ക്ക് ജലമേളയ്ക്കായി യാത്രതിരിക്കുന്നത്. ഇര്‍വിന്‍പ്രഭു ഭാരതത്തിന്റെ വൈസ്രോയിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ കൊല്ലവര്‍ഷം 1104ല്‍ കൊല്ലത്ത് നടത്തിയ ജലമേളയില്‍ മാലക്കരയുടെ പള്ളിയോടം പങ്കെടുത്തിരുന്നു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ ഇരുപത്തിയെട്ടര ദേവന്മാരില്‍ ഉള്‍പ്പെടുന്നതാണ് മാലക്കര തേവരും. തൃച്ചെങ്ങന്നൂര്‍ മഹാദേവന്റെയും ആറന്മുളയപ്പന്റെയും അനുഗ്രഹാശ്ശിസ്സുകള്‍ക്കായി പ്രാര്‍ഥിക്കുന്ന പള്ളിയോടം 'തൃക്കോവിലപ്പനിന്നെന്റെ ഉള്‍ക്കുരുന്നില്‍ വിളങ്ങേണം' എന്ന പ്രാര്‍ഥനയുമായാണ് പള്ളിയോടം ആറന്മുളയിലെത്തുന്നത്.

ചങ്ങംകരി തങ്കപ്പനാചാരി 1994ല്‍ പണിത് നീരണിയിച്ച എ ബാച്ച് പള്ളിയോടത്തിന് നാല്‍പ്പത്തിയേഴേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. നിലയാളുകള്‍ ഉള്‍പ്പെടെ 120പേര്‍ക്ക് കയറാവുന്ന പള്ളിയോടം 1997ല്‍ മന്നം ട്രോഫി നേടിയിട്ടുണ്ട്. 

                                                  
                                                     അയിരൂര്‍ പള്ളിയോടം 

ആചാരാനുഷ്ഠാനത്തില്‍ നിറവോടെ അയിരൂര്‍ കിഴക്കിന്റെ പള്ളിയോടങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും പാരമ്പര്യംകൊണ്ടും പ്രഥമസ്ഥാനീയരാണ് അയിരൂര്‍ പള്ളിയോടം. കാട്ടൂരില്‍ നിന്ന് ഉത്രാടം നാളില്‍ പുറപ്പെടുന്ന തിരുവോണത്തോണിക്ക് അകമ്പടിക്കാരായി ആദികാലം മുതല്‍ അയിരൂര്‍ പള്ളിയോടവും അകമ്പടി സേവിക്കുന്നുണ്ട്. ആറന്മുളയിലെ ജലരാജാക്കന്‍മാരില്‍ വേറിട്ട സ്ഥാനമാണ് അയിരൂര്‍ പഴയ പള്ളിയോടത്തിനുള്ളത്. 1961ല്‍ നീരണിഞ്ഞ പള്ളിയോടമായിരുന്നു പഴയത്. വെള്ളത്തില്‍ അധികം ഉരുളാതെയും മറിയാതെയും കിടക്കുമെന്നതാണ് കായല്‍വെപ്പിന്റെ പ്രത്യേകതയുള്ള പള്ളിയോടം. 

44.25 കോല്‍ നീളമുള്ളതും 125പേര്‍ക്ക് കയറാവുന്നതുമായ പഴയ പള്ളിയോടം പ്രയാര്‍ കരയ്ക്ക് വിറ്റശേഷം 2011ല്‍ ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തില്‍ പണിത പള്ളിയോടമാണ് നിലവിലുള്ളത്.

നാല്‍പ്പത്തിയേഴേകാല്‍ കോല്‍ നീളവും പതിനെട്ടര അടി അമരപ്പൊക്കവും 66 അംഗുലം ഉടമയുമുള്ള എ ബാച്ച് പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം അയിരൂര്‍ എന്‍.എസ്.എസ്. അയിരൂര്‍ പ്രാദേശിക യൂണിയനാണ്. 
                                                             
                                                            പുല്ലൂപ്രം പള്ളിയോടം 

പള്ളിയോടത്തറവാട്ടില്‍ പുതിയതായി പുല്ലൂപ്രം തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തറവാട്ടില്‍ പുതുതായി എത്തിയ കരയാണ് പുല്ലൂപ്രം. മുപ്പത്തിനാല് ലക്ഷം രൂപ മുടക്കി ആഞ്ഞിലിക്കാട്ട് വി.കെ.ശങ്കരന്‍ നായര്‍ കരയ്ക്ക് ഭഗവാനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ് ബി ബാച്ചില്‍പ്പെടുന്ന പള്ളിയോടം. പള്ളിയോടശില്പി അയിരൂര്‍ സന്തോഷ് നിര്‍മ്മിച്ച് 2012 ആഗസ്ത് 23നാണ് പള്ളിയോടം നീരണിഞ്ഞത്.

വിഗ്രഹം, ശേഷവാഹനം, പാലാഴിമഥനം എന്നിവ പള്ളിയോടത്തില്‍ കൊത്തി ഒരുക്കിയിട്ടുണ്ട്. നാല്പത്തിയൊന്നേകാല്‍ കോല്‍ നീളവും 60 അംഗുലം ഉടമയും 16.5 അടി അമരപ്പൊക്കവുമുള്ള പുല്ലൂപ്രമാണ് ബി ബാച്ചില്‍ ഏറ്റവും അമരപ്പൊക്കമുള്ള പള്ളിയോടം

പുല്ലൂപ്രം 744-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം സൂക്ഷിച്ചിരിക്കുന്നത് പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിലാണ്. ഈ ക്ഷേത്രത്തില്‍ വഴിപാട് നടത്തി ആറന്മുളയ്ക്ക് പുറപ്പെടുകയുള്ളൂ.


                                                        ഇടക്കുളം പള്ളിയോടം 

അയ്യപ്പകടാക്ഷവുമായി പുതിയ പള്ളിയോടം ഇടക്കുളം ധര്‍മ്മശാസ്താവിന്റെ അനുഗ്രഹാശിസ്സുകളോടെ ആറന്മുള പാര്‍ത്ഥസാരഥിയെ വണങ്ങാന്‍ ഏറ്റവും കിഴക്കുനിന്ന് എത്തുന്ന പള്ളിയോടമാണ് ഇടക്കുളം.ഇടക്കുളം പള്ളിയോട നിര്‍മ്മാണ സമിതിയുടെ നേതൃത്വത്തില്‍ 35 ലക്ഷം രൂപ ചെലവഴിച്ച്. നിര്‍മ്മിച്ച പള്ളിയോടം നാലുദിവസം മുമ്പാണ് പമ്പാനദിയിലെ ഇടക്കുളം കടവില്‍ നീരണിഞ്ഞത്.തിരുവാറന്മുളയപ്പന്റെ അന്‍പത്തിയൊന്നാമത് പള്ളിയോടമായി പമ്പയുടെ നെട്ടായത്തില്‍ പാര്‍ത്ഥസാരഥി സ്തുതികള്‍ പാടുവാന്‍ ഭാഗ്യം സിദ്ധിച്ചതിന്റെ ആനന്ദലബ്ധിയിലാണ് കരക്കാര്‍.

നാല്പത്തിയൊന്നേകാല്‍ കോല്‍ നീളവും 60 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍ അടക്കം 85 പേര്‍ക്ക് കയറാം.

                                                           റാന്നി പള്ളിയോടം 

2008 ജനുവരി 30ന് കീഴുകര എന്‍.എസ്.എസ് കരയോഗത്തിൽ നിന്ന് വാങ്ങിയ പള്ളിയോടമാണ് റാന്നി..28 വര്‍ഷം പഴക്കമുള്ള പള്ളിയോടം പള്ളിയോട ശില്പി കോഴിമുക്ക് നാരായണന്‍ ആചാരിയാണ്‌ നിര്‍മ്മിച്ചത്‌..അറ്റുകുറ്റപണികള്‍ക്ക് ശേഷം അന്നേ വർഷം മെയ്‌ പത്താം തിയതി നീറ്റിലിറക്കി..റാന്നി-ഭഗവതിക്കുന്ന്,ശാലിശ്വരം,രാമപുരം,ശാസ്താംകോവില്‍,തോട്ടമണ്കാഷവ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് ആറന്മുളക്ക് പുറപ്പെടുന്നത്..റാന്നി അവിട്ടം ജലോത്സവം,പുതിയകാവ് മാനവമൈത്രി ചതയം വള്ളംകളികളില്‍ പരമ്പരഗതമായ ചിട്ടയോടുകൂടിയും താളലയങ്ങളോട് കൂടി പങ്കെടുക്കുകയും അവിടങ്ങളില്‍ നിന്ന് മികച്ച ജലഘോഷയാത്രക്കുള്ള ട്രോഫി കരസ്ഥമാക്കുകയും ചെയ്തു..2008,11 വർഷങ്ങളില്‍ ഉത്രട്ടാതി ജലമേളയില്‍ നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു..126 ആം നമ്പര്‍ പഴവങ്ങാടിക്കര-മങ്കുഴി എന്‍.എസ്.എസ് കരയോഗത്തിനാണ് പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ